ദില്ലി: ന്യുമോണിയയെ ചെറുക്കാൻ കുട്ടികൾക്ക് പുതിയ പ്രതിരോധ വാക്‌സിൻ. ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്‌സിൻ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്കാണ് പ്രതിരോധ വാക്‌സിൻ നൽകുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് പുറമെ കേരളത്തിലും വാക്‌സിൻ ലഭ്യമാകും. കുട്ടികൾക്ക് നിലവിൽ നൽകി കൊണ്ടിരിക്കുന്ന പെന്റാവലന്റ് വാക്‌സിനിൽ ഹിബ് വാക്‌സിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ബാക്ടീരിയ കാരണമുണ്ടാകുന്ന ന്യുമോണിയക്ക് ഫലപ്രദമാണ്. ഇനി മുതൽ ഹിബ് വാക്‌സിനോടൊപ്പമാണ് ഈ പുതിയ വാക്‌സിൻ കൂടി നൽകുന്നത്. ഇതോടെ ന്യുമോണിയയെ ചെറുക്കാനുള്ള പ്രതിരോധം കുട്ടികൾക്ക് കൂടുമെന്നാണ് വിലയിരുത്തൽ.
ഒന്നരമാസത്തിലും മൂന്നരമാസത്തിലും ഒരോ ഡോസ് വീതവും ഒരു വയസിന് ശേഷം ബൂസ്റ്റർ ഡോസുമാണ് നൽകുക. പലപ്പോഴും ന്യുമോണിയ ഗുരുതരമാകാനുള്ള കാരണം ന്യൂമോ കോക്കൽ ബാക്ടീരിയയാണ്. പുതിയ വാക്‌സിന് ന്യുമോണിയയും അതുമായി ബന്ധമുള്ള മറ്റ് രോഗങ്ങളും തടയാനാകും. രക്തത്തിലും ചെവിയിലുമുണ്ടാകുന്ന അണുബാധയ്‌ക്കും മെനിഞ്ചൈറ്റിസിനും ന്യൂമോ കോക്കൽ ബാക്ടീരിയ കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

