Monday, May 13, 2024
spot_img

ഹിറ്റുകളുടെ ശില്‍പിയ്ക്ക് വിട; പൂവച്ചല്‍ ഖാദര്‍ യാത്രയായി

തിരുവനന്തപുരം: വരികളിലൂടെ മലയാളി മനസിൽ ആർദ്രഭാവങ്ങളുടെ ശരറാന്തലുകൾ തെളിച്ച പൂവച്ചൽ ഖാദർ വിടവാങ്ങി. 73 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ തിങ്കളാഴ്‌ച രാത്രി 12.45 ഓടെയായിരുന്നു അന്ത്യം. കോവിഡ്‌ ബാധിതനായി 17ന്‌ രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ന്യുമോണിയയും ശ്വാസതടസവും സ്ഥിരീകരിച്ചതോടെ വെന്റിലേറ്ററിലായിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. സംസ്‌കാരം ഇന്ന് നടക്കും.

ആര്‍ദ്രമധുരവും കാല്പനികവുമായ ഒട്ടേറെ ചലച്ചിത്രഗാനങ്ങളുടെയും ലളിതഗാനങ്ങളുടെയും രചയിതാവും കവിയുമായിരുന്നു പൂവച്ചല്‍ ഖാദര്‍ എന്ന അതുല്യപ്രതിഭ. അരനൂറ്റാണ്ടോളമായി മലയാളിയുടെ പാട്ടു വഴികളിലുണ്ട് പൂവച്ചൽ എന്ന മലയോര ഗ്രാമത്തിന്റെ പേര്. ഏതോ ജന്മ കല്‍പനയില്‍ മലയാളത്തിനു കിട്ടിയ പുണ്യമാണ് പൂവച്ചല്‍ ഖാദര്‍. കുടയോളം ഭൂമി കുടത്തോളം കുളിര് എന്നു കുളിര്‍ന്നു പാടാത്ത മലയാളികളില്ല. മുകിലിന്റെ കുടിലില്‍ ശരറാന്തല്‍ തിരിതാഴുന്നത് കാത്തിരിക്കാത്ത ഏകാന്ത പ്രണയികളും ഇല്ല. മുന്നൂറ്റിയൻപതിലേറെ സിനിമകൾക്കായി ആയിരത്തിലേറെ ഗാനങ്ങൾക്കൊപ്പം ഒട്ടേറെ ലളിത ഗാനങ്ങളും നാടകഗാനങ്ങളും എഴുതിയിട്ടുണ്ട്. ‘കളിവീണ’ എന്ന കവിത സമാഹരവും രചിച്ചു.   തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ സ്വദേശിയായ അദ്ദേഹം പേരിനൊപ്പം ചേർത്തു നാടിന്റെ ഖ്യാതി വളർത്തുകയായിരുന്നു. അബൂബക്കറിന്റെയും റാബിയത്തുൽ അദബിയ്യ ബീവിയുടെയും മകനായി 1948 ഡിസംബർ 25നു ജനിച്ച ഖാദർ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കയ്യെഴുത്തു മാസികകളിൽ കവിതകളെഴുതിയിരുന്നു.

1972 -ൽ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദർ പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങൾക്കുവേണ്ടി ഗാനങ്ങൾ രചിച്ചു.  ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ നിരവധി ചിത്രങ്ങളിലെ പാട്ടുകൾ ശ്രദ്ധ നേടി.  എഴുപത് എൺപത് കാലഘട്ടത്തിൽ സിനിമാഗാനരംഗത്തു നിറസാന്നിധ്യമായ  ഖാദർ കെജി ജോർജ്, പിഎൻ മേനോൻ, ഐവി ശശി. ഭരതൻ, പത്മരാജൻ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവർത്തിച്ചു.

എഴുത്തിന്റെ മാത്രം വിശ്വാസിയായിരുന്നു പൂവച്ചല്‍ ഖാദര്‍. ആ വിശ്വാസത്തില്‍ നിന്നു വന്നതാണ് തുറമുഖത്തിലൂടെ എക്കാലത്തേയും മികച്ച ക്രിസ്തീയ ഭക്തിഗാനം. ക്രിസ്മസ് ദിനത്തില്‍ ജനിച്ച കവിയുടെ പിറവി ഗീതം. ശാന്തരാത്രി തിരുരാത്രി…., നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു
ഹൃദയത്തിന്നള്‍ത്താരയില്‍
വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി….

അയ്യപ്പനും വാവരും എന്ന സിനിമയ്ക്കായി ധര്‍മശാസ്താവേ ഉള്‍പ്പെടെ ആറുഗാനങ്ങള്‍. എം ജി രാധാകൃഷ്ണന്‍ ഈണമിട്ട രണ്ട് അയ്യപ്പഭക്തിഗാന കാസെറ്റുകള്‍. എക്കാലത്തേയും മികച്ച ദേവീ സ്തുതികള്‍ ആയി മാറി.

ചലച്ചിത്ര രംഗത്ത് മാത്രമല്ല, ലളിതഗാനങ്ങളും മാപ്പിളപ്പാട്ടുകളും പൂവച്ചല്‍ അനശ്വരമാക്കിയവയിലുണ്ട്. ആകാശവാണിക്കുവേണ്ടി ഒട്ടേറെ ലളിതഗാനങ്ങളും രചിച്ച അദ്ദേഹം ചലച്ചിത്ര രംഗത്ത് നിറഞ്ഞുനിന്ന എണ്‍പതുകളില്‍ മാത്രം രചിച്ചത് എണ്ണൂറോളം പാട്ടുകളാണ്. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, സംഗീത നാടക അക്കാദമി പുരസ്‌കാരം, മാപ്പിള സംഗീത അക്കാദമിയുടെ പി ഭാസ്‌കരന്‍ പുരസ്‌കാരം തുടങ്ങിയവും നേടിയിട്ടുണ്ട്. ആര്യനാട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തൃശൂര്‍ വലപ്പാട് പോളിടെക്‌നിക് കോളജ്, തിരു.എഞ്ചിനീയറിംഗ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആക്കോട്ട് വീട്ടിലെ അമിനാബീവിയാണ് ഭാര്യ. മക്കള്‍: തുഷാര, പ്രസൂന. മരുമക്കള്‍: സലീം, അഹമ്മദ് ഷെറിന്‍ എന്നിവരാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles