Monday, January 5, 2026

‘ഉപ്പിനങ്ങാടി സ്‌റ്റേഷന്‍ ആക്രമിച്ച മതതീവ്രവാദികൾ അറസ്റ്റില്‍; പിടിയിലായത് പത്ത് പോപ്പുലര്‍ ഫ്രണ്ടുകാര്‍

ബെംഗളൂരു: ഉപ്പിനങ്ങാടി സ്‌റ്റേഷന്‍ (Uppinangady Police Station) ആക്രമിച്ച സംഭവത്തിൽ കൂടുതൽ പ്രതികൾ പിടിയിൽ. പത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. അതേസമയം കലാപക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി മൂന്ന് പിഎഫ്‌ഐ, എസ്ഡിപിഐ പ്രവര്‍ത്തകരെ ഉപ്പിനങ്ങാടി പോലീസ് നേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഡിസംബർ പതിനാലിന് ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ താലൂക്കിലെ ഉപ്പിനങ്ങാടി പോലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം നടന്നത്.

സ്റ്റേഷന് മുന്നിൽ പിഎഫ്‌ഐ-എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമാകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച പിഎഫ്‌ഐ എണ്നൽ എസ്ഡിപിഐ നേതാവ് മുസ്തഫ ഉള്‍പ്പെടെയുള്ള മൂന്ന് മതനേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് 200 ഓളം പിഎഫ്‌ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. മുന്‍കൂട്ടി ആക്രമണത്തിന് സജ്ജരായി എത്തിയ പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കത്തി, കഠാര, മറ്റ് മൂര്‍ച്ചയേറിയ ആയുധങ്ങള്‍ എന്നിവ കരുതിയിരുന്നു.

തുടർന്ന് പോലീസും പിഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്തോളം പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി നാട്ടുകാര്‍ക്കും പരിക്കേറ്റിരുന്നു. കൂടാതെ പ്രതിഷേധക്കാര്‍ ഒരു വനിതാ കോണ്‍സ്റ്റബിളിനെ ആക്രമിക്കുകയും ഇവരെ ഉപദ്രവിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഉദ്യോഗസ്ഥയുടെ യൂണിഫോം വലിച്ചുകീറി അവരെ കൊലപ്പെടുത്താനും ശ്രമിച്ചു. മറ്റ് പോലീസ് ഉദ്യോഗസ്ഥരെ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്നും പ്രതിഷേധക്കാര്‍ തടഞ്ഞു. നിലവില്‍ പരിക്കേറ്റ ഉദ്യോഗസ്ഥര്‍ പുത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കര്‍ണാടക പ്രിവന്‍ഷന്‍ ഓഫ് ഡിസ്ട്രക്ഷന്‍ ആന്‍ഡ് ലോസ് ഓഫ് പ്രോപ്പര്‍ട്ടി ആക്ട് (കെപിഡിഎല്‍) സെക്ഷന്‍ 2 (എ) പ്രകാരവും ചുമത്തിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പുത്തൂര്‍ സബ് ഡിവിഷനില്‍ വരുന്ന ജില്ലയിലെ നാല് താലൂക്കുകളില്‍ ഇന്നലെ അര്‍ദ്ധരാത്രി വരെ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതേസമയം അറസ്റ്റ് മറയാക്കി സംസ്ഥാനത്ത് വ്യാപക കലാപത്തിനാണ് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സബ് ഇന്‍സ്‌പെക്ടര്‍ പ്രസന്നകുമാറും പരാതി നല്‍കിയിരുന്നു. ഇന്നലെ മുതല്‍ ദക്ഷിണ കന്നഡ ജില്ലയിലെ തീരമേഖലകളില്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

റാലികളുടെ മറവില്‍ വലിയ ആക്രമണങ്ങള്‍ നടത്താന്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സൂചന ലഭിച്ചിരിക്കുന്നതിനാല്‍ ജില്ലയിലുടനീളം കര്‍ശന പോലീസ് പെട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഐപിസി 143,147,148,332 504, 427 353 307, 149, കെപിഡിഎല്‍ ആക്ട് സെക്ഷന്‍ 2(എ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം തീവ്രവാദശക്തികളെ അടിച്ചമര്‍ത്തണമെന്ന് കര്‍ണാടക ഡിജിപി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles