Monday, May 20, 2024
spot_img

ഉപ്പിനങ്ങാടിയില്‍ പിഎഫ്ഐ പ്രവർത്തകരുടെ അനാവശ്യ പ്രതിഷേധം; ലാത്തി വീശി പോലീസ്; 144 പ്രഖ്യാപിച്ചു

ബെംഗളൂരു: ഉപ്പിനങ്ങാടിയിൽ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച എസ്ഡിപിഐ – പിഎഫ്ഐ (SDPI Protest) പ്രവർത്തകർക്ക് നേരെ ലാത്തി വീശി പോലീസ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യയുടെയും എസ്ഡിപിഐയുടെയും മൂന്ന് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയവർക്ക് നേരെയാണ് പോലീസ് ലാത്തി വീശിയത്. കസ്റ്റഡിയിലെടുത്ത ജില്ലാ പ്രസിഡന്റിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ആരംഭിച്ചത്.

സംഭവത്തിൽ നിരവധി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. സമാധാനപരമായി പിരിഞ്ഞുപോകണമെന്ന് പോലീസ് ഏറെ നേരം ആവശ്യപ്പെട്ടു. എന്നാൽ പ്രവർത്തകർ സംഘർഷം മനഃപൂർവമായി ഉണ്ടാക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനുശേഷമാണ് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശിയത്. സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരിൽ സമരം നയിച്ച സയ്യിദ് ആതൂർ തങ്ങളും ഉൾപ്പെടുന്നു. ഇതേത്തുടർന്ന് പ്രദേശത്ത് സെക്ഷൻ 144 ഏർപ്പെടുത്തിയിരിക്കുകയാണ്.

സംഭവം നടന്നത് ഇങ്ങനെ:

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തിയത്. ഡിസംബര്‍ അഞ്ചിന് ഇരുവിഭാഗത്തില്‍പ്പെട്ടവര്‍ അന്റിത്തഡ്ക എന്ന സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് തിരിച്ചടിയെന്നോണം ഡിസംബര്‍ ആറിന് മറ്റൊരിടത്തും സംഘര്‍ഷമുണ്ടായി. ആദ്യ സംഭവത്തില്‍ 43 പേര്‍ക്കെതിരെയും രണ്ടാമത്തെ സംഭവത്തില്‍ 30ഓളം പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. തിങ്കളാഴ്ച രാത്രി ചിലരെ കസ്റ്റഡിയിലെടുത്തു.

ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, സക്കരിയ്യ കൊടിപ്പാടി, മുസ്തഫ ലത്തീഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്നാണ് പോലീസ് പറഞ്ഞത്. വിട്ടയക്കാത്തതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന് മുമ്പില്‍ തടിച്ചുകൂടി. ഉച്ചയോടെ ഒരാളെ പോലീസ് വിട്ടയച്ചു. ഇതിന് ശേഷം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉപ്പിനങ്ങാടിയില്‍ പ്രകടനം നടത്തുകയും ചെയ്തു.

എന്നാല്‍ മറ്റു രണ്ടു പേരെ വിട്ടയക്കാത്തതിനെ തുടര്‍ന്ന് വീണ്ടും പ്രവര്‍ത്തകര്‍ സ്റ്റേഷന് മുമ്പില്‍ പ്രതിഷേധം തുടങ്ങി. വൈകീട്ടോടെയാണ് ലാത്തി വീശിയത്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോലീസുകാര്‍ക്കും സംഭവത്തില്‍ പരിക്കുണ്ട്. ഒമ്പത് പോലീസുകാര്‍ക്ക് പരിക്കേറ്റുവെന്ന് എസ്പി ഋഷികേഷ് സോനാവന്‍ പറഞ്ഞു. വനിതാ പോലീസുകാര്‍ക്കും പരിക്കുണ്ട്.

പോലീസുകാരെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ കേസെടുത്തു. അകാരണമായി പോലീസ് കേസെടുക്കുകയാണെന്നും പ്രവര്‍ത്തകരെ ആക്രമിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും പിഎഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടു.
പുത്തൂര്‍, ബന്ത്വാല, ബെല്‍ത്തങ്ങാടി എന്നിവിടങ്ങളിലെ പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

പിഎഫ്‌ഐ പ്രവര്‍ത്തകര്‍ ആയുധങ്ങളുമയി ആക്രമിച്ചു എന്നാണ് പോലീസ് പറയുന്നത്. പോലീസുകാര്‍ ലാത്തി മാത്രമല്ല, ആയുധങ്ങളും ഉപയോഗിച്ചുവെന്ന് പിഎഫ്‌ഐ നേതാക്കള്‍ തിരിച്ചും ആരോപിക്കുന്നു.
പ്രവര്‍ത്തകര്‍ക്ക് തലയ്ക്കും മുഖത്തുമാണ് അടിയേറ്റത്. പോലീസ് കൃത്യമായ ലക്ഷ്യത്തോടെയാണ് പെരുമാറിയത്.

ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ നിര്‍ദേശത്തിന് അനുസരിച്ചാണ് പോലീസ് ലാത്തി വീശിയത്. പ്രവര്‍ത്തകര്‍ക്കെതിരെ വ്യാജ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്നും പിഎഫ്ഐ പ്രവർത്തകർ ആരോപിച്ചു. കേസ് പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.
എന്നാൽ ഉച്ചയ്ക്ക് ജില്ലാ നേതാവിനെ വിട്ടയച്ചതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. മറ്റു രണ്ടുപേരെ വിട്ടയക്കാതെ വന്നതോടെയാണ് പ്രതിഷേധം വീണ്ടും ശക്തിപ്പെട്ടത്. തൊട്ടുപിന്നാലെയാണ് പോലീസ് ലാത്തി വീശിയത്. നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Articles

Latest Articles