Sunday, November 29, 2026

വിലക്ക് ലംഘിച്ച്‌ പടക്കം പൊട്ടിച്ചു; രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, പത്ത് പേർക്കെതിരെ കേസെടുത്തു

നാദാപുരം: വിലക്കുലംഘിച്ച്‌ പടക്കം പൊട്ടിച്ച സംഭവത്തിൽ നാദാപുരം മേഖലയില്‍ വാക്കേറ്റം. കൂടാതെ പോലീസിന് നേരെ കൈയേറ്റശ്രമവും നടത്തി. ഇതേ തുടർന്ന് പോലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

വളയം സ്റ്റേഷന്‍ പരിധിയിലെ വാണിമേല്‍ വയല്‍പീടികയിലും കെ.ഡി.സി ബാങ്ക് പരിസരത്തും പടക്കിന് പോലീസ് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഈ പോലീസ് മുന്നറിയിപ്പ് ലംഘിച്ച്‌ പൊതുസ്ഥലത്ത് പടക്കംപൊട്ടിക്കുകയായിരുന്നു. പടക്കം പൊട്ടിച്ച പത്തുപേര്‍ക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. സ്ഫോടക വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനാണ് കേസ്.

നാദാപുരം കസ്തൂരിക്കുളത്ത് റോഡ് തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ചതായി പരാതി ലഭിച്ചു. പരാതിയെ തുടർന്നാണ് പോലീസ് സ്ഥലത്തേക്കെത്തിയതും നടപടിയെടുത്തതും. ഇവിടെ നാദാപുരം എസ്.ഐ ആര്‍.എന്‍. പ്രശാന്തിനെ കൈയേറ്റം ചെയ്യാന്‍ ശ്രമമുണ്ടായി. അതോടെ കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തി റോഡില്‍ തടിച്ചുകൂടിയവരെ വിരട്ടിയോടിച്ചു.

പേരോട് പടക്കം പൊട്ടിക്കുന്നതിനിടയിലുണ്ടായ അപകടത്തില്‍ പുന്നോളി അബ്ദുല്‍ വഹാബിന്റെ കൈപ്പത്തി തകര്‍ന്നിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഞായറാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് നാദാപുരം സബ് ഡിവിഷനു കീഴിലുള്ള നാലു പോലീസ് സ്റ്റേഷന്‍ പരിധിയില്‍, പൊതുസ്ഥലത്ത് പടക്കം പൊട്ടിക്കല്‍ നിരോധിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Related Articles

Latest Articles