Friday, May 17, 2024
spot_img

പോളിയോ തുള്ളിമരുന്ന് വിതരണ ദിനം ജനുവരി 31 ലേക്ക് മാറ്റി; മാറ്റം കോവിഡ് വാക്‌സിന്‍ വിതരണത്തെ തുടർന്ന്

ദില്ലി: അഞ്ച് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുന്നത് ജനുവരി 31 ലേക്ക് മാറ്റിവച്ചു. ജനുവരി 16-ന് രാജ്യമെമ്പാടും കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങാനിരിക്കവെയാണ് നടപടി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രാഷ്ട്രപതിയുടെ ഓഫീസുമായി നടത്തിയ കൂടിയാലോചനയ്ക്കു പിന്നാലെയാണ് നാഷണല്‍ ഇമ്യുണൈസേഷന്‍ ദിനം മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിനുകൾ വിമാനമാർഗമാണ് കൊച്ചി എയർപോർട്ടിലും തിരുവനന്തപുരം എയർപോർട്ടിലും എത്തിച്ചത്.

കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്സിനുകൾ എറണാകുളം റീജിയണൽ വാക്സിൻ സ്റ്റോറിലും 1,19,500 ഡോസ് വാക്സിനുകൾ കോഴിക്കോട് റീജിയണൽ വാക്സിൻ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്സിനുകൾ തിരുവനന്തപുരത്തെ റീജിയണൽ വാക്സിൻ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്സിനിൽ നിന്നും 1,100 ഡോസ് വാക്സിനുകൾ മാഹിക്കുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles