ദില്ലി: രാജ്യസഭയിലെ ആദ്യദിന സമ്മേളനത്തിൽ കോൺഗ്രസ്സ് പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖാർഗെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം കനക്കുകയാണ്. പട്ടികജാതിക്കാരായ സ്ത്രീകളിൽ സാക്ഷരതാനിരക്ക് കുറവാണ്. വിദ്യാസമ്പന്നരായ സ്ത്രീകളെയും ശക്തമായ മത്സരം കാഴ്ച വെക്കാൻ ശേഷിയുള്ളവരെയും അവർ പരിഗണിക്കില്ലെന്നും പ്രതികരിക്കില്ലെന്ന് ഉറപ്പുള്ളവരെ മാത്രമേ മത്സര രംഗത്തേക്ക് പരിഗണിക്കുകയുള്ളൂ. എസ്.സി / എസ്.ടിയിലെയും മറ്റു പിന്നാക്ക വിഭാഗങ്ങളിലെയും ദുർബ്ബലരായ സ്ത്രീകളെയാണ് രാഷ്ട്രീയപ്പാർട്ടികൾ സ്ഥാനാർഥികളാക്കുന്നത് എന്നായിരുന്നു ഖാർഗെയുടെ പ്രസ്താവന. ഇപ്പോഴിതാ, ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ.
പ്രതിപക്ഷനേതാവിനെ ബഹുമാനിക്കുന്നുവെങ്കിലും ഈ പ്രസ്താവനയോടു യോജിക്കാൻ സാധിക്കില്ല. ബിജെപിയിൽ കഴിവുള്ള സ്ത്രീകളെ തന്നെയാണ് എം.പിമാരായി തെരഞ്ഞെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി എല്ലാ പിന്തുണയും അക്കാര്യത്തിൽ നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ദളിത് വിഭാഗത്തിൽ നിന്നുവന്ന കഴിവുറ്റ സ്ത്രീയാണ് ദ്രൗപതി മുർമു. രാഷ്ട്രപതി എന്ന ഉന്നതസ്ഥാനം അവർ നേടിയതും ആ കഴിവിൻ്റെ അടിസ്ഥാനത്തിലാണ്. കോൺഗ്രസ്സിൽ വനിതാ പ്രസിഡൻ്റ് ഉണ്ടായിരുന്നു. എന്നിട്ടും ഇത്തരത്തിൽ അഭിപ്രായം പറയുന്നതിനോട് യോജിക്കാൻ സാധിക്കില്ലെന്നും നിർമ്മല സീതാരാമൻ തുറന്നടിച്ചു.

