മലപ്പുറം: വിദേശത്ത് നിന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പണമെത്തിച്ചു നൽകിയ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷനിൽ മുൻ പ്രസിഡന്റ് ബി.പി.അബ്ദുറസാഖിനെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ ഇഡിയുടെ കസ്റ്റഡിയിലാകുന്നത്. ഈ മാസം 9ന് അറസ്റ്റ് ചെയ്ത പ്രതിയെ 10ന് യുപിയിലെ ലക്നൗ പ്രത്യേക കോടതിയിൽ ഹാജരാക്കി. തുടർന്ന് ഇയാളെ 7 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു.
റസാഖിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഡിസംബറിൽ ഇഡി പരിശോധന നടത്തുകയും ചോദ്യം ചെയ്യലിന് ദില്ലിയിലെത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സാവകാശം വേണമെന്നാവശ്യപ്പെട്ട് ഇയാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പക്ഷെ ഹൈക്കോടതി അപേക്ഷ തള്ളി.
കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയ ഇയാൾ അബുദാബിയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു. അപ്പോഴാണ് അറസ്റ്റിലാകുന്നത്. പോപ്പുലർ ഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷൻ പ്രസിഡന്റായിരുന്ന ഇയാൾ സ്ഥാനമൊഴിഞ്ഞതായാണ് ഇപ്പോൾ ലഭിയ്ക്കുന്ന വിവരം.

