കണ്ണൂർ: വിലക്ക് ലംഘിച്ച് കേരളത്തിലേക്ക് കടത്തിയ പന്നിയിറച്ചി പിടികൂടി. പിഗ് ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനധികൃതമായി കടത്തിയ പന്നിയിറച്ചി പിടികൂടിയത്. തുടർന്ന് ഇവ മൃഗസംരക്ഷണ വകുപ്പിനെ ഏൽപ്പിച്ചു. കേരളത്തിൽ പന്നിയിറച്ചിക്കുള്ള വിലക്ക് മറികടന്ന് എത്തിയ എത്തിയ ലോറിയാണ് പിടികൂടിയത്. പന്നികളിൽ ആഫ്രിക്കൻ സൈ്വൻ ഫ്‌ളൂ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലായിരുന്നു പന്നിയിറച്ചിക്ക് വിലക്ക് ഏർപ്പെടുത്തിയത്.
രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ വളർത്തുന്ന പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായിട്ടാണ് കേരളത്തിലേക്ക് പന്നികളെ കൊണ്ടുവരുന്നതിനും സംസ്ഥാനത്ത് നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തിയത്.
റെയിൽവേ, വ്യോമ മാർഗം, റോഡ്, വഴി സംസ്ഥാനത്തേക്കോ, സംസ്ഥാനത്ത് നിന്ന് പുറത്തേക്കോ കടത്താൻ പാടില്ലെന്നാണ് നിർദേശം. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്നും നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.

