Thursday, May 23, 2024
spot_img

പ്രജ്വല്‍ രേവണ്ണയ്‌ക്ക് കുരുക്ക് മുറുകുന്നു ! ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത; സിബിഐ അനുമതി തേടിയേക്കും

ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത. ഇതിനായി സിബിഐ അനുമതി തേടിയേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പീഡന പരാതികൾ ഉയർന്നതിന് പിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് കടന്നിരുന്നു. കഴിഞ്ഞ ദിവസം പ്രജ്വല്‍ രേവണ്ണയ്ക്കായി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു . അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ സമന്‍സ് മടങ്ങിയതിനു പിന്നാലെയായിരുന്നു നടപടി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും എമിഗ്രേഷന്‍ വിഭാഗത്തിനു നോട്ടിസ് കൈമാറി. ലൈംഗിക വിവാദത്തിൽപ്പെട്ട പ്രജ്വൽ, അന്വേഷണസംഘം മുൻപാകെ ഹാജരാകാൻ 7 ദിവസത്തെ സമയം ചോദിച്ചത് പോലീസ് നിരസിച്ചിരുന്നു.

അതിനിടെ, രാജ്യം വിടുന്നത് തടയാൻ പിതാവ് എച്ച്‌ഡി രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസുമായി ബന്ധപ്പെട്ട്, രേവണ്ണയ്‌ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 700 ഓളം പൗരന്മാർ ദേശീയ വനിതാ കമ്മീഷന് (എൻസിഡബ്ല്യു) കത്തെഴുതി.

പ്രജ്വൽ രേവണ്ണയ്ക്കെതിരെയുള്ള രണ്ടാമത്തെ കേസിൽ ഉള്ളത് ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നത്. പ്രജ്വൽ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തുവെന്നും ദൃശ്യം പകർത്തിയെന്നും ജെഡിഎസ് നേതാവായ യുവതി പറയുന്നു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 3 വർഷത്തോളം പല തവണ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. 2021 മുതൽ പീഡനം തുടരുകയായിരുന്നെന്നും പരാതി നൽകാൻ പേടിയായിരുന്നുവെന്നും യുവതി പറഞ്ഞു.

ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പാണ് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് രക്ഷപ്പെട്ടു. പ്രജ്വലിനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. അതേസമയം രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമിൽ വെച്ചാണ് വിഡിയോകൾ ചിത്രീകരിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന പെൻഡ്രൈവുകൾ ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.

Related Articles

Latest Articles