Sunday, June 16, 2024
spot_img

ശക്തമായ മഴ ! കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി ; അരനൂറ്റാണ്ട് പിന്നിടുന്നതിനിടെ ആദ്യമായിട്ടെന്ന് ജീവനക്കാർ

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് വെള്ളം കയറിയിരിക്കുന്നത്. കേന്ദ്രത്തിന്റെ താഴത്തെ നില പൂർണമായും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. ഇതേത്തുടർന്ന് താഴത്തെ വാർഡുകളിലുണ്ടായിരുന്ന കുട്ടികളെ ഉടൻതന്നെ മറ്റിടങ്ങളിലേക്ക് മാറ്റി.

അതേസമയം, സ്ഥാപനം ആരംഭിച്ച് അരനൂറ്റാണ്ട് പിന്നിടുന്നതിനിടെ ആദ്യമായിട്ടാണ് കെട്ടിടത്തിന് അകത്തേക്ക് വെള്ളം കയറിയതെന്ന് ജീവനക്കാർ പറയുന്നു. ഗൈനക്കോളജി, പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങൾ, വാർഡുകൾ, സ്ത്രീകളുടെ ഐസിയു, അടിയന്തര ശസ്ത്രക്രിയ മുറി എന്നിവ പ്രവർത്തിക്കുന്നത് താഴത്തെ നിലയിലാണ്. ഇവിടെ മുഴുവനായും വെള്ളം കയറിയിട്ടുണ്ട്. മൂന്ന് മോട്ടോർസെറ്റുകൾ എത്തിച്ചാണ് വെള്ളം പമ്പ് ചെയ്ത് കളഞ്ഞത്.

പീഡിയാട്രിക് ഐസിയുവിലടക്കം വെള്ളം കയറിയിട്ടുണ്ട്. ഒട്ടേറെ ഉപകരണങ്ങൾ സ്ഥാപിച്ച ഈ മുറിയിലെ വെള്ളം മാറ്റാൻ ഏറെ സമയമെടുത്തു. കൂടാതെ, ഐസോലേഷൻ വാർഡുകളിലും വെള്ളക്കെട്ടുണ്ടായി. ഇവിടെയുണ്ടായിരുന്ന കുട്ടികളെയും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റേണ്ടിവന്നു. അതോടൊപ്പം ശൗചാലയങ്ങളിലടക്കം വെള്ളം കയറിയത് രോഗികളെയും കൂട്ടിരിപ്പുകാരെയും ബുദ്ധിമുട്ടിലാക്കി.

Related Articles

Latest Articles