Sunday, May 5, 2024
spot_img

മുന്‍വിധിയോടെയുള്ള റിപ്പോര്‍ട്ട് ! തെറ്റിദ്ധാരണ പടര്‍ത്തുന്നു ! ഒരു വിലയും ഞങ്ങള്‍ കാണുന്നില്ല’ – ഭാരതത്തെ കുറ്റപ്പെടുത്തിയ യുഎസ് റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് തള്ളി വിദേശമന്ത്രാലയം

ദില്ലി : കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം മണിപ്പൂരിൽ വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നെന്ന അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ടിനെ വിമർശിച്ച് തള്ളി ഇന്ത്യ. റിപ്പോർട്ട് മുൻവിധിയോടെ ഉള്ളതാണെന്നും ഭാരതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് റിപ്പോർട്ടിലൂടെ പ്രതിഫലിക്കുന്നതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. റിപ്പോർട്ടിന് വില കൽപ്പിക്കാൻ രാജ്യം തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതിവാര മാധ്യമ സമ്മേളനത്തിൽ റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയ്സ്വാൾ.

മണിപ്പുരിൽ മേയ് മൂന്നിനും നവംബർ 15-നും ഇടയിൽ 175 പേർ കൊല്ലപ്പെട്ടതായും അറുപതിനായിരം പേർക്ക് സ്ഥലം വിടേണ്ടിവന്നതായും മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. അക്രമം തടയുന്നതിലും ഉദ്യോഗസ്ഥരെ നിയോഗിച്ച് അന്വേഷിക്കുന്നതിലും മാനുഷികസഹായമെത്തിക്കുന്നതിലും വീടുകളും ആരാധനാലയങ്ങളും പുനർനിർമിച്ചുനൽകുന്നതിലും കേന്ദ്രസർക്കാരിനും മണിപ്പൂർ സർക്കാരിനുമുണ്ടായ വീഴ്ചകളെ സുപ്രീംകോടതി വിമർശിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് ലേബർ വിഭാഗമാണ് 2023-ലെ കൺട്രി റിപ്പോർട്ട്‌സ് ഓൺ ഹ്യൂമൻ റൈറ്റ്‌സ് പ്രാക്ടീസസ് പുറത്തുവിട്ടത്. വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശവിഷയങ്ങളാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. മാധ്യമങ്ങൾ, പൗരസംഘടനകൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത് എന്നാണ് അമേരിക്കൻ വിദേശകാര്യ വകുപ്പ് അവകാശപ്പെടുന്നത്.

അമേരിക്കൻ റിപ്പോർട്ടിനെ ഇന്ത്യ ഒരു വിലയും കല്പിക്കുന്നില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട് . ഇന്ത്യയെ മനസിലാക്കാത്തവരാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയതെന്നും മന്ത്രാലയം കുറ്റപ്പെടുത്തുന്നു.

Related Articles

Latest Articles