കണ്ണൂർ: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സി.പി.എം, സി.പി.ഐ പാർട്ടികളിൽ നേതൃത്വത്തിനെതിരെ കടുത്ത ആഭ്യന്തര കലഹം. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയർന്നത്. പിണറായി വിജയന്റെ പ്രവർത്തന ശൈലിയാണ് പാർട്ടിയുടെ കനത്ത തോൽവിക്ക് കാരണമായതെന്നും, ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ കേരളത്തിലും പാർട്ടിക്ക് ബംഗാളിന്റെ ഗതിയുണ്ടാകുമെന്നും അംഗങ്ങൾ തുറന്നടിച്ചു. പാർട്ടിയിൽ മറ്റുള്ളവർക്ക് ബാധകമായ പ്രായപരിധി എന്തുകൊണ്ടാണ് മുൻ മുഖ്യമന്ത്രിക്ക് ബാധകമാകാത്തതെന്ന ചോദ്യവും യോഗത്തിൽ ഉയർന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ജയിച്ചാലും വടകരയിൽ കെ.കെ. ശൈലജ ജയിക്കരുതെന്ന് പാർട്ടിയിലെ ചിലർക്ക് നിർബന്ധമുണ്ടായിരുന്നു എന്ന ഗുരുതരമായ ആരോപണവും ജില്ലാ കമ്മിറ്റിയിൽ ഉയർന്നു. കണ്ണൂരിലെ പരാജയങ്ങൾക്ക് കാരണം നേതൃത്വത്തിന്റെ വീഴ്ചകളാണ്. പയ്യന്നൂരിലും തളിപ്പറമ്പിലും ഉണ്ടായ തിരിച്ചടി ഇതിന് ഉദാഹരണമാണ്. തളിപ്പറമ്പിൽ സ്വന്തം ഭാര്യയായ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർബന്ധം പിടിച്ചതാണ് അവിടെ തോൽവിക്ക് കാരണമായത്. കൂടാതെ, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പാർട്ടി നൽകിയ വിശദീകരണം ജനങ്ങൾ വിശ്വാസത്തിലെടുത്തില്ലെന്നും, ജില്ലാ സെക്രട്ടറി എന്ന നിലയിൽ കെ.കെ. രാഗേഷ് പൂർണ്ണ പരാജയമാണെന്നും യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി.
പിണറായി വിജയന്റെ പല പ്രസ്താവനകളും തിരഞ്ഞെടുപ്പിൽ ജനങ്ങൾക്കിടയിൽ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. പാർട്ടി നേതൃത്വം അടിയന്തരമായി തെറ്റുകൾ തിരുത്താൻ തയ്യാറാകണം. നേതൃത്വം അതിന് തയ്യാറായില്ലെങ്കിൽ അണികൾ തന്നെ അത് തിരുത്തിക്കുമെന്ന ശക്തമായ മുന്നറിയിപ്പും ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്നു വന്നു. ചരിത്രത്തിലാദ്യമായാണ് കണ്ണൂർ കോട്ടയിൽ പിണറായി വിജയനും സംസ്ഥാന നേതൃത്വത്തിനുമെതിരെ ഇത്രയും പരസ്യമായ കലാപക്കൊടി ഉയരുന്നത്.
അതേസമയം, മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.ഐയിലും നേതൃത്വത്തിനെതിരെ അതൃപ്തി പുകയുകയാണ്. സി.പി.ഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ കടുത്ത വിമർശനമാണ് അംഗങ്ങൾ ഉന്നയിച്ചത്. മുൻ സെക്രട്ടറിമാരെപ്പോലെ കൃത്യസമയത്ത് ശക്തമായ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കാൻ ബിനോയ് വിശ്വത്തിന് സാധിക്കുന്നില്ല. പല വിഷയങ്ങളിലും സെക്രട്ടറി സ്വീകരിച്ച നിലപാടുകൾ പാർട്ടിയെ പൊതുസമൂഹത്തിൽ പരിഹാസ്യമാക്കിയെന്നും വിമർശനമുയർന്നു. രണ്ടാം പിണറായി സർക്കാർ പാർട്ടിയുടെ അടിസ്ഥാന വർഗത്തെ പൂർണ്ണമായി മറന്നതാണ് ഈ പരാജയത്തിന് കാരണമെന്നും സി.പി.ഐ കൗൺസിൽ യോഗം വിലയിരുത്തി.

