Saturday, May 11, 2024
spot_img

രാജ്യത്തെ പ്രതിസന്ധിയിലാക്കിയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗോതബയ രാജപക്സേ രാജിവച്ചു; അഭയം തേടിയിട്ടില്ലെന്ന് സിംഗപ്പൂർ

കൊളംബോ: ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യത്തെ പ്രതിസന്ധിയിലാക്കിയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ശ്രീലങ്ക പ്രസിഡന്റ് ഗോതബയ രാജപക്സേ രാജിവച്ചു. ജനരോഷം ഭയന്ന് രാജ്യം വിട്ടു പറന്ന ഗോതബയ സിംഗപ്പൂരിൽ കാലുറപ്പിച്ച ശേഷമാണ് രാജിക്കത്ത് ഇ മെയിലിലൂടെ കൈമാറിയത്. മാത്രമല്ല വിമാനമാർഗം രാജിക്കത്ത് സ്പീക്കർക്ക് കൊടുത്തുവിട്ടിട്ടുമുണ്ട്.

ജനരോഷത്തിന് മുന്നില്‍ ഉത്തരമില്ലാതെ ഒളിച്ചോടിയ ഗോതബയ രാജിക്കത്ത് സമർപ്പിക്കാത്തതിനെ തുടർന്ന് ഇന്ന് ആരംഭിക്കാനിരുന്ന പാർലമെന്റ് സമ്മേളനവും മാറ്റി. ഈ സാഹചര്യത്തിൽ 20 ന് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കാനിടയില്ല. പുതിയ തീയതി സ്പീക്കർ മഹിന്ദ അബെ വർധനെ ഇനി പ്രഖ്യാപിക്കണം. ബുധനാഴ്ച ഗോതബയ രാജിനൽകുമെന്നാണ് സ്പീക്കറെ അറിയിച്ചിരുന്നതെങ്കിലും വ്യാഴാഴ്ച രാത്രിയാണ് നൽകിയത്. ഇ മെയിലിൽ ലഭിച്ച രാജികത്തിന്റെ നിയമസാധുത പരിശോധിക്കുമെന്നും സ്പീക്കർ പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ പ്രസിഡന്റിന്റെ ഔദ്യോഗിക പരിരക്ഷ ലഭിക്കാനായാണ് ഗോതബയ രാജി നീട്ടിക്കൊണ്ടു പോയതെന്ന് കരുതുന്നു. മാലദ്വീപിൽ നിന്ന് സൗദി എയർലൈനിലാണ് ഗോതബയയും ഭാര്യ ലോമയും 2 അംഗരക്ഷകരും സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലെത്തിയത്. ഗോതബയ അഭയം തേടിയിട്ടില്ലെന്നും സ്വകാര്യ സന്ദർശനത്തിന് എത്തുന്നതായാണ് അറിയിച്ചതെന്നും സിംഗപ്പൂർ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അതേസമയം ശ്രീലങ്കയിൽ ഇന്നലെയും കർഫ്യൂ തുടർന്നു. കൊളംബോ നഗരം നിശ്ചലമാണ്. അക്രമസംഭവമുണ്ടായാൽ ഇനി നോക്കിനിൽക്കില്ലെന്ന് സേനയും വ്യക്തമാക്കി.

Related Articles

Latest Articles