ദില്ലി: ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി ഏഴിന് നടത്തുന്ന പ്രസംഗം ദൂരദർശന്റെയും ആകാശവാണിയുടെയും എല്ലാ ചാനലുകളിലും സംപ്രേക്ഷണം ചെയ്യും.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനു പിന്നാലെയാണു രാഷ്ട്രപതിയുടെ പ്രസംഗം. ഹിന്ദിയിലുള്ള പ്രസംഗത്തിന്റെ ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലുമുള്ള പരിഭാഷകളും തുടർച്ചയായി സംപ്രേഷണം ചെയ്യും.
നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. കനത്ത സുരക്ഷയിലാണ് ചെങ്കോട്ടയും പരിസരവും. ആഘോഷങ്ങളുടെ ഭാഗമായി മെട്രോ സ്റ്റേഷനുകളിലും ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മെട്രോയ്ക്ക് തടസമില്ല. നാളെ ഉച്ചവരെ പ്രധാന സ്റ്റേഷനുകള്‍ അടച്ചിടും. കര്‍ശന വാഹന പരിശോധനയും തുടരുന്നുണ്ട്.
പ്രത്യേക പദവികള്‍ എടുത്തുകളഞ്ഞ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലും പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ ഉപദേഷ്ടാവ് അജിത് ദോവല്‍ കശ്മീരില്‍ തുടരുന്നുണ്ട്. അതിര്‍ത്തി മേഖലകളിലും കൂടുതല്‍ സേനാ വിന്യസമുണ്ട്.