Monday, April 29, 2024
spot_img

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി, വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യ വോട്ട് പ്രധാനമന്ത്രിയുടേതാണ്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗ്, അശ്വിനി വൈഷ്ണവ്, ബിജെപി ചീഫ് വിപ്പ് രാകേഷ് സിംഗ്, ടിആര്‍എസ് എംപിമാര്‍, വൈഎസ്‌ആര്‍സിപിയുടെ രഘു രാമകൃഷ്ണ രാജു എന്നിവരും വോട്ട് രേഖപ്പെടുത്തി.

എന്‍ഡിഎ സഖ്യത്തിന്‍റെ പ്രതിനിധിയായി ജഗ്‌ദീപ് ധന്‍കറും, പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ മാര്‍ഗരറ്റ് ആല്‍വയുമാണ് ഉപരാഷ്‌ട്രപതി പദത്തിലേക്കുള്ള മത്സരരംഗത്തുള്ളത്. പാര്‍ലമെന്റ് ഹൗസില്‍ രാവിലെ 10 മുതല്‍ 5 വരെയാണ് വോട്ടെടുപ്പ്. നോമിനേറ്റഡ് അംഗങ്ങള്‍ ഉള്‍പ്പെടെ ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ എംപിമാര്‍ക്കും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.

ജനതാദള്‍, വൈഎസ്‌ആര്‍സിപി, ബിഎസ്പി, എഐഎഡിഎംകെ, ശിവസേന എന്നിവ ധങ്കറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി (എഎപി), ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം), തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എന്നിവ ആല്‍വയെ പിന്തുണയ്ക്കും. അതേസമയം ഇന്ന് തന്നെ വോട്ടെണ്ണല്‍ നടക്കും, നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കാലാവധി അവസാനിച്ചതിന് ശേഷം ഓഗസ്റ്റ് 11 ന് രാജ്യത്തിന്റെ അടുത്ത ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യും.

Related Articles

Latest Articles