Saturday, May 4, 2024
spot_img

വാരണസിക്ക് “കാശി റോപ്‌ വേ” പദ്ധതി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ! വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് ഉപയോഗിച്ച് റോപ്‌ വേയുടെ പ്രവർത്തനങ്ങൾ മനസിലാക്കുന്ന മോദിയുടെ ചിത്രങ്ങൾ വൈറൽ; മണ്ഡലത്തിൽ നടപ്പാക്കുന്നത് 13,000 കോടി രൂപയുടെ പദ്ധതികൾ

വാരണസിയിൽ 13,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടൽ ചടങ്ങും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാശി റോപ്‌ വേ പദ്ധതിയും അദ്ദേഹം വാരണസിക്ക് സമ്മാനിച്ചു. അടുത്തവർഷം മെയ് മാസത്തോടെ റോപ്പ് വേ പൂർണ്ണമായും പ്രവർത്തന സജ്ജമാകുമെന്നാണ് കരുതുന്നത്.
കാശി റോപ്പ്‌വേയുടെ പ്രവർത്തന രീതി പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് ഉപയോഗിച്ച് പരിശോധിക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

വ്യാഴാഴ്ച രാത്രിയാണ് പ്രധാനമന്ത്രി തൻ്റെ പാർലമെൻ്റ് മണ്ഡലം കൂടിയായ വാരണസിയിൽ എത്തിയത്. നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും പൊതുയോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
കാശി രാജ്യത്തെ ഒരു പ്രധാന കായിക നഗരമായി മാറുമെന്നും മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് അഭിയാൻ എന്നിവ കാശിയുടെ വികസനത്തെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കാശി തൊഴിലിൻ്റെയും നൈപുണ്യത്തിൻ്റെയും കേന്ദ്രമാകുമെന്നും അദ്ദേഹം അറിയിച്ചു. ഈ കാലയളവിൽ നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഫാഷൻ ടെക്നോളജി കാമ്പസും പൂർത്തിയാകും, ഇത് പ്രദേശത്തെ യുവാക്കൾക്കും നെയ്ത്തുകാർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കും.

“കഴിഞ്ഞ പത്ത് വർഷം കൊണ്ട് ആരോഗ്യ-വിദ്യാഭ്യാസത്തിൻ്റെ കേന്ദ്രമെന്ന ഒരു വിലാസം ഞങ്ങൾ കാശിക്ക് നൽകി. ഇപ്പോൾ ഒരു പുതിയ മെഡിക്കൽ കോളേജും അതിലേക്ക് ചേർക്കാൻ പോകുന്നു”, പ്രധാനമന്ത്രി പറഞ്ഞു.

ബിഎച്ച്‌യുവിലെ നാഷണൽ സെൻ്റർ ഓഫ് ഏജിംഗ് സഹിതം 35 കോടി രൂപ വിലമതിക്കുന്ന നിരവധി ഡയഗ്നോസ്റ്റിക് മെഷീനുകളും ഉപകരണങ്ങളും ഉദ്ഘാടനം ചെയ്തു. ആശുപത്രിയിൽ നിന്നുള്ള ജൈവ-മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് .

നേരത്തെ ഉത്തർപ്രദേശിലെ വാരാണസിയിൽ സന്ത് ഗുരു രവിദാസിൻ്റെ 647-ാം ജന്മവാർഷിക ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.

ചടങ്ങിൽ സന്ത് രവിദാസിൻ്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒപ്പമുണ്ടായിരുന്നു. വാരണസിയിലെ കാർഖിയോണിലെ യുപിസിഡ അഗ്രോ പാർക്കിൽ നിർമ്മിച്ച ബനസ്‌കാന്ത ജില്ലാ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡിൻ്റെ പാൽ സംസ്‌കരണ യൂണിറ്റായ ബനാസ് കാശി സങ്കുലും പ്രധാനമന്ത്രി സന്ദർശിച്ചു

എംപ്ലോയ്‌മെൻ്റ് ലെറ്ററുകളും ജിഐ അംഗീകൃത ഉപയോക്തൃ സർട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി മോദി വിതരണം ചെയ്തു. റോഡ്, റെയിൽ, വ്യോമയാനം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, നഗരവികസനം, ശുചിത്വം തുടങ്ങിയ സുപ്രധാന മേഖലകളിലായാണ് 13,000 കോടി രൂപയുടെ പദ്ധതികൾ അദ്ദേഹം സമർപ്പിച്ചത്.

Related Articles

Latest Articles