Saturday, May 4, 2024
spot_img

സംസ്ഥാന സർക്കാരിന്റെ അവഗണനയിലും കനത്ത നഷ്ടത്തിലും മനംമടുത്ത കേരളത്തിലെ റബ്ബർ കർഷകർക്ക് കൈത്താങ്ങുമായി പശ്ചിമ ബംഗാൾ ഗവർണർ ആനന്ദബോസ്; ഇരുപതിന ശുപാർശയുമായി കേന്ദ്രസർക്കാരിനെ സമീപിച്ചു

ദില്ലി : കേരളത്തിൽ കാർഷിക സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറയൊരുക്കിയ റബ്ബര്‍ കൃഷിയെ സംസ്ഥാന സർക്കാർ അവഗണിക്കുന്നത് തുടരുന്നതിനിടെ പശ്ചിമ ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ് വിഷയത്തിലിടപെടുന്നു .

തുടർച്ചയായി കനത്ത നഷ്ടം നേരിടുന്നതോടെ മനസില്ലാ മനസോടെ കേരളത്തിലെ റബ്ബർ കർഷകർ, കൃഷി ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് റബർകൃഷിയുടെ തലസ്ഥാനമെന്നറിയപ്പെടുന്ന മധ്യതിരുവിതാംകൂറിൽ ജനിച്ചുവളർന്ന ആനന്ദബോസ് റബ്ബർ കർഷകരുടെ പ്രശ്നപരിഹാരത്തിനായി ഇരുപതിന ആശയങ്ങളുമായി കേന്ദ്രസർക്കാരിനെ സമീപിച്ചിരിക്കുന്നത്.

പശ്ചിമബംഗാളിലെ സംഘർഷാന്തരീക്ഷത്തിനും തിരക്കേറിയ ദൗത്യങ്ങൾക്കുമിടയിൽ ഇക്കഴിഞ്ഞ ദില്ലിയാത്രയിൽ ഉന്നതകേന്ദ്രങ്ങളുമായി അദ്ദേഹം തന്റെ ആശയങ്ങൾ പങ്കുവെച്ചുവെന്നാണ് വിവരം.
റബ്ബർ കൃഷിയെയും അനുബന്ധ വ്യവസായ-തൊഴിൽ സംരംഭങ്ങളെയും ആശ്രയിച്ച് ജീവിതം പുലർത്തുന്ന അനേകായിരങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ് ‘ആശയങ്ങളുടെ തമ്പുരാൻ’ എന്നറിയപ്പെടുന്ന ആനന്ദബോസ് കേന്ദ്ര സർക്കാരിനു സമർപ്പിച്ച ഇരുപതിന ശുപാർശ.

പശ്ചിമ ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ് സമർപ്പിച്ച ശുപാർശകൾ ചുവടെ നൽകുന്നു

സ്വാഭാവിക റബ്ബറിന് കുറഞ്ഞ സ്ഥിരവില (അഷ്വേർഡ് മിനിമം പ്രൈസ് – AMP) പ്രഖ്യാപിക്കുക,

കേരളം, ത്രിപുര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ സ്ഥാപിക്കുക,

ആഭ്യന്തര റബ്ബർ കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി റബ്ബർ ഇറക്കുമതി നിയന്ത്രിക്കുക,

റബ്ബറും പ്ലാസ്റ്റിക്കും ഉപയോഗിച്ച് കൂടുതൽ റോഡുകൾ നിർമ്മിക്കുക,

പഞ്ഞ മാസങ്ങളിൽ (ലീൻ സീസൺ) ചെറുകിട നാമമാത്ര കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടുള്ള പണമിടപാട് വഴി ഒരു മിനിമം അനുബന്ധ വരുമാനം ഉറപ്പാക്കുക,

ഉള്ളി കയറ്റുമതി കമ്മിറ്റിയുടെ മാതൃകയിൽ റബ്ബർ ഇറക്കുമതി നിയന്ത്രിക്കാൻ കമ്മിറ്റി രൂപീകരിക്കുക,

റബ്ബർ കർഷകർ, റബ്ബർ ഉപയോക്താക്കൾ, സർക്കാർ സംയുക്ത പങ്കാളിത്തത്തോടെ റബ്ബർ കർഷകർക്കായി സാമൂഹ്യസുരക്ഷാബോർഡ് സ്ഥാപിക്കുക,

റബ്ബർ അധിഷ്ഠിത വ്യവസായങ്ങളുടെ ഹബ് എന്ന നിലയിൽ വർത്തിക്കുന്ന റബ്ബർ പാർക്കുകൾ സ്ഥാപിക്കുക,

മാനുവൽ റബ്ബർ ടാപ്പർമാരുടെ ദൗർലഭ്യം മറികടക്കാൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ടാപ്പിംഗ് സംവിധാനം വികസിപ്പിക്കുക,

റബ്ബറിനെ ഒരു കാർഷിക ഉൽപന്നമായി ഉൾപ്പെടുത്തുകയും കർഷകർക്ക് ലഭ്യമായ എല്ലാ സൗകര്യങ്ങളും വ്യാപിപ്പിക്കുകയും ചെയ്യുക,

റബ്ബർ കിസാൻസമ്മാൻ യോജന പദ്ധതി ഏർപ്പെടുത്തുക

ഇറക്കുമതിയുടെ അളവ് നിയന്ത്രിക്കാൻ ഡബ്ല്യുടിഎ അനുവദിക്കുന്നില്ലെന്ന വ്യവസ്ഥ കണക്കിലെടുത്ത് കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി ഉയർന്ന ഇറക്കുമതി തീരുവ ചുമത്തി ഇറക്കുമതിയുടെ അളവ് നിയന്ത്രിക്കാൻ ഡബ്ല്യുടിഎയിൽ പറയുന്ന ‘ഡൈനാമിക് ഇറക്കുമതിനിയന്ത്രണസംവിധാനം’ ഏർപ്പെടുത്തുക

താൽപ്പര്യ വൈരുദ്ധ്യം തടയുന്നതിനായി റബ്ബർ വ്യവസായികൾ, റബ്ബർ ബോർഡ്, റബ്ബർ കർഷകർ എന്നിവരുമായി കൂടിയാലോചിക്കുന്നതിന് മന്ത്രാലയതലത്തിൽ സ്ഥിരസംവിധാനം ഏർപ്പെടുത്തുക

പ്രതീക്ഷയും യാഥാർത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേട് ഇല്ലാതാക്കാൻ റബ്ബർ കർഷകർക്ക് പ്രോത്സാഹന പാക്കേജുകൾ പരിഷ്കരിക്കുക

റബ്ബർ ബോർഡിൻ്റെ ലക്ഷ്യങ്ങളും തന്ത്രങ്ങളും പുനഃക്രമീകരിക്കുക, അങ്ങനെ അതിനെ ശക്തവും ഫലപ്രദവുമായ ഒരു സ്ഥാപനമാക്കുക

റബ്ബർ കർഷകർക്ക് പാർപ്പിടം, ആരോഗ്യ സംരക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തുന്ന ക്ഷേമ നടപടികൾ അവതരിപ്പിക്കുക

കഷ്ടനഷ്ടങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ പ്രത്യേക സാമ്പത്തിക സഹായം നൽകുക

റബ്ബർ കർഷക സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുക

റിസ്ക് ഫണ്ട് രൂപീകരിക്കുക

തൊഴിലുറപ്പുപദ്ധതിയിൽ റബ്ബർ ടാപ്പിംഗ് ഉൾപ്പെടുത്തുക

കോവിഡ് കാലത്തും റഷ്യ-ഉക്രൈൻ യുദ്ധവേളയിലും വിദേശത്തകപ്പെട്ട ഭാരതീയരെ, വിശേഷിച്ചും മലയാളികളെ നാട്ടിലെത്തിക്കുന്നതിൽ ആനന്ദബോസ് നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ബംഗാൾ ഗവർണറായശേഷം ജനോപകാരപ്രദമായ പദ്ധതികൾ കേന്ദ്രത്തിൽ നിന്ന് നേടിയെടുക്കുന്നതിനും അദ്ദേഹം മുൻകൈയെടുത്തു. ഇപ്പോൾ കേരളത്തിന്റെ കാർഷിക സമ്പദ്ഘടനയെ അരക്കിട്ടുറപ്പിക്കുന്ന പ്രായോഗിക നിർദേശങ്ങളിലൂടെ കേന്ദ്രസർക്കാരിൽ നിന്ന് കേരളത്തിലെ റബർ കർഷകർക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം.

ഗവർണറായി ചുമതലയേറ്റപ്പോൾ തന്നെ കൊൽക്കത്ത രാജ്ഭവനിൽ ഒരു പ്രത്യേക സെല്ലിന് രൂപംനല്കി കേരളത്തിൽ നിന്നുള്ളവരുടെ, കേന്ദ്രഇടപെടൽ ആവശ്യമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ചികിത്സാസഹായമടക്കമുള്ള ക്ഷേമപ്രവർത്തനങ്ങൾക്കും സംവിധാനമൊരുക്കിയ അദ്ദേഹം ഈയിടെ കാനഡയിൽ അടിയന്തര വിസ കിട്ടാത്തതിനാൽ കോട്ടയത്ത് അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാതെ വിഷമിച്ച മക്കൾക്ക് കേന്ദ്രത്തിലിടപെട്ട് തടസ്സം നീക്കിയത് പ്രവാസികൾക്ക് പ്രത്യാശ പകരുന്ന ഒന്നായി മാറി.

Related Articles

Latest Articles