Saturday, September 19, 2026

വിവിധ സഭകളിലെ 8 മതമേലധ്യക്ഷരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച ഇന്ന്; പ്രതികരണവുമായി ക്നാനായ സുറിയാനി സഭാ മെത്രാപ്പൊലീത്ത

കോട്ടയം: . വിവിധ സഭകളിലെ 8 മതമേലധ്യക്ഷരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച ഇന്ന് രാത്രി 8 മണിക്ക് കൊച്ചി വില്ലിങ്ഡൻ ഐലൻഡിലെ ഹോട്ടൽ താജ് മലബാറിൽ നടക്കാനിരിക്കെ പ്രതികരണവുമായി ക്നാനായ സുറിയാനി സഭാ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് രംഗത്ത് വന്നു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത് മഹത്വമായി കാണുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ജനങ്ങളുടെ നന്മയ്ക്കും പുരോഗതിക്കുമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതിന് തങ്ങളുടേതായ ചിന്തകള്‍ നൽകുന്നതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും മാര്‍ സേവേറിയോസ് വ്യക്തമാക്കി.

‘‘സഭയേക്കാൾ ഉപരിയായിട്ട് ഈ സംസ്ഥാനത്തെയും രാജ്യത്തെയും ജനങ്ങളുടെ നന്മയ്ക്ക് പുരോഗതിക്കുമായി പ്രവർത്തിക്കാൻ, സർക്കാരിനു ഞങ്ങളുടേതായ ചിന്തകൾ കൊടുക്കുകയെന്നതാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ആർഷഭാരത സംസ്കാരമെന്നത് എല്ലാവരുടെയും പൈതൃകമാണ്. സമസ്ത ലോകത്തിനും സുഖവും സന്തോഷവും ഉണ്ടാകണമെന്നാണ് അതിൽ പറയുന്നത്. ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഉള്ള വ്യത്യാസമില്ലാതെ സർവമനുഷ്യരുടെയും സഹവർത്തിത്വത്തിനു വേണ്ടി, എല്ലാവർക്കും ദൈവത്തെ ആരാധിക്കാനും എല്ലാവർക്കും ദൈവത്തിന്റെ മക്കളാണെന്ന ചിന്ത മനുഷ്യരിൽ ഉണ്ടാകണം. അതിനുവേണ്ടി സർക്കാർ പരിശ്രമിക്കുമ്പോൾ അവിടെ വിവേചനത്തിന്റെ ആവശ്യമില്ല.’’ – മാര്‍ സേവേറിയോസ് പറഞ്ഞു.

മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി (സിറോ മലബാർ സഭ), പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ (മലങ്കര ഓർത്തഡോക്സ് സഭ), മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ (മലങ്കര കത്തോലിക്കാ സഭ), ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ (ലത്തീൻ സഭ), ജോസഫ് മാർ ഗ്രിഗോറിയോസ് (യാക്കോബായ സഭ), മാർ മാത്യു മൂലക്കാട്ട് (ക്നാനായ കത്തോലിക്കാ സഭ), മാർ ഔഗിൻ കുര്യാക്കോസ് (കൽദായ സുറിയാനി സഭ), കുര്യാക്കോസ് മാർ സേവേറിയോസ് (ക്നാനായ സുറിയാനി സഭ) എന്നിവരാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കുക

Related Articles

Latest Articles