Sunday, May 19, 2024
spot_img

‘പ്രധാനമന്ത്രി ഉപഹാര പ്രദർശനശാല‘; ഈ മാസം അംബേദ്ക്കർ ജയന്തിയിൽ നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും

ദില്ലി: ‘പ്രധാനമന്ത്രി ഉപഹാര പ്രദർശനശാല’ ഈ മാസം 14-ാം തിയതി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും.ഭരണഘടനാ ശില്പി ഭീം റാവു അംബേദ്ക്കറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രദർശനാലയം ഉദ്ഘാടനം ചെയ്യുന്നത്. ഇതുവരെ രാജ്യം ഭരിച്ച എല്ലാ പ്രധാനമന്ത്രിമാരുടേയും വ്യക്തിഗത ശേഖരത്തിലുള്ള ഉപഹാരങ്ങളും സ്മരണികകളുമാണ് പ്രദർശനാലയത്തിൽ ഉണ്ടാവുക. ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വ്യക്തിഗത ശേഖരത്തിലുള്ളതും നിലവിൽ നെഹ്‌റു മ്യൂസിയത്തിൽ ഇല്ലാത്തതുമായ എല്ലാ വസ്തുക്കളും കേന്ദ്രസർക്കാർ ഏറ്റെടുത്തു. വിവിധ ബ്ലോക്കുകളിലായി പണിപൂർത്തിയാക്കുന്ന ഈ പ്രദർശനാലയം ഇന്ത്യാ ചരിത്രവും ലോകരാഷ്‌ട്രങ്ങളുമായി അതാത് കാലത്ത് ഇന്ത്യയ്‌ക്കും ഭരണാധികാരികൾക്കുമുണ്ടായിരുന്ന ബന്ധവും തുറന്നുകാട്ടുന്നതായിരിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. പ്രദർശനാലയത്തിന്റെ ആദ്യ ബ്ലോക്കിലാണ് നെഹ്‌റുവിന്റെ ഉപഹാരങ്ങളുടെ ശേഖരം പ്രദർശിപ്പിക്കുക.

അതേസമയം ഒറ്റ പ്രദർശനാലയത്തിൽ മുൻ ഭരണാധികാരികളുടെ ചരിത്രം നിറയണമെന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്. രാജ്യത്തെ യുവതലമുറയ്‌ക്ക് ഇന്ത്യയുടെ മുൻ ഭരണകർത്താക്കളുടെ വ്യക്തിത്വവും ലോകപരിചയവും മനസ്സിലാക്കാൻ സാധിക്കുന്ന പ്രദർശനാലയമാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. കൂടാതെ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രവും മനസ്സിലാക്കാൻ സാധിക്കുന്ന വിശദമായ പ്രദർശനാലയമാണ് ഒരുങ്ങുന്നത്. പ്രദർശന ശാല നിർമ്മിക്കാനായി ഒരു മരം പോലും മുറിയ്‌ക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്നത് പരിസ്ഥിതി രക്ഷയുടെ ഉദാഹരണമായി. ആകെ 10,491 ചതുരശ്ര മീറ്ററാണ് പ്രദർശനാലയത്തിന്റെ വിസ്തീർണ്ണം. രണ്ടു കൈകളിലായി ആശോകചക്രം ഉയർത്തിപ്പിടിച്ചിരിക്കുന്നത് ഇന്ത്യയുടെ ജനങ്ങളെ പ്രതിനിധീകരിക്കാനാണന്നും പ്രദർശനാലയത്തിന്റെ അധികൃതർ പറഞ്ഞു.

Related Articles

Latest Articles