Tuesday, May 7, 2024
spot_img

ഞെട്ടിക്കുന്ന അഴിമതി രേഖകൾ പുറത്ത്; കോവിഡ് കാലത്തെ പിപിഇ കിറ്റ് കൊള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും തോമസ് ഐസക്കിന്റേയും അറിവോടെ, തെളിവായി വിവരാവകാശ രേഖ പുറത്ത്

തിരുവനന്തപുരം: കോവിഡ് കാലത്ത് ഉയര്‍ന്ന നിരക്കില്‍ പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജന്റേയും അക്കാലത്തെ ധനമന്ത്രി തോമസ് ഐസക്കിന്റേയും അറിവോടെയാണ് എന്നതിന്റെയും തെളിവുകള്‍ പുറത്ത്.

മൂന്നിരട്ടി ഉയര്‍ന്ന വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ട് എന്ന് വ്യക്തമാക്കുന്ന വിവരാവകാശ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സർക്കാരിന്റെ അനുമതിയോടുകൂടിമാത്രമേ പി പി ഇ കിറ്റുകൾ വാങ്ങിക്കാവൂ എന്നിരിക്കെയാണ്, 2020 മാര്‍ച്ച്‌ 30ന് സാന്‍ ഫര്‍മാ എന്ന കമ്പനിയില്‍ നിന്നും മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകളാണ് പുറത്തുവന്നത്.

ഒരു ദിവസം മുന്നേ പി പി ഇ കിറ്റ് ഒന്നിന് 446 രൂപയ്ക്ക് വാങ്ങിയത് 30ാം തിയതിയില്‍ 1550 രൂപയായി ഉയര്‍ന്നുവെന്ന് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. വിവരാവകാശ പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ സി.ആര്‍ പ്രാണകുമാറാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

കോവിഡിന്റെ പ്രാരംഭ കാലത്ത് പിപിഇ കിറ്റ് വിപണിയില്‍ ആവശ്യത്തിന് ലഭ്യമായിരുന്നില്ല. അതിനാല്‍ 1500 രൂപയുടേത് വാങ്ങേണ്ടി വന്നെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ന്യായം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കൂടിയ വിലയ്ക്ക് പിപിഇ കിറ്റുകള്‍ വാങ്ങി ശേഖരിക്കുകയായിരുന്നു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അടിയന്തിര സാഹചര്യങ്ങളില്‍ ടെന്‍ഡറുകളൊന്നും വിളിക്കാതെ ഇത്തരത്തില്‍ വാങ്ങാന്‍ സാധിക്കുമെന്നുമായിരുന്നു കെ.കെ. ശൈലജ പറഞ്ഞത്. എന്നാൽ, ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരങ്ങളിൽ നിന്നും മനസിലാക്കാം, ഈ വാദങ്ങൾ തെറ്റാണെന്ന്.

2020 ജനുവരി 30 ന് കൊച്ചിയിലെ കെയ്‌റോണ്‍ കമ്പനിയോട് പിപിഇ കിറ്റിന് ആവശ്യപ്പെട്ടു. ഒരു കിറ്റിന് 550 രൂപയായിരുന്നു വില. ആ ഫയല്‍ ഇഴഞ്ഞ് നീങ്ങി രണ്ട് മാസത്തിന് ശേഷം മാര്‍ച്ച്‌ 29 ന് പര്‍ചേസ് ഓര്‍ഡര്‍ നല്‍കി. 550 രൂപയ്ക്ക് പിപിഇ കിറ്റിന് ഓര്‍ഡര്‍ കൊടുത്തതിന്റെ തൊട്ടടുത്ത ദിവസമാണ് മഹാരാഷ്ട്രാ ആസ്ഥാനമായ സാന്‍ഫാര്‍മ എന്ന കമ്പനിക്ക് 1550 രൂപയുടെ പിപിഇ കിറ്റിന് ഓര്‍ഡര്‍ കൊടുക്കുന്നത്.

550 രൂപയ്ക്ക് കിറ്റ് വാങ്ങിയ കെയ്‌റോണില്‍ നിന്ന് 27 കോടി രൂപയുടെ പിപിഇ കിറ്റ് വാങ്ങിയിരുന്നു എന്നതും സര്‍ക്കാര്‍ രേഖകളില്‍ കാണിക്കുന്നുണ്ട്.. 550 രൂപയ്ക്ക് പിപിഇ കിറ്റ് ഇഷ്ടം പോലെ കിട്ടുമായിരുന്ന സമയത്തും ധൃതി പിടിച്ച്‌ എന്തിന് 1550 രൂപയ്ക്ക് വാങ്ങി എന്നത് അഴിമതിയിലേക്കാണ് നീങ്ങുന്നത്.

Related Articles

Latest Articles