Saturday, April 20, 2024
spot_img

വിദ്യാഭ്യാസ-വ്യവസായ സ്ഥാപനങ്ങള്‍ തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്‍ഗണന; സംരംഭകത്വ ശില്പശാലയിൽ മന്ത്രി പി.രാജീവ്

വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭക (എം.എസ്.എം.ഇ.) മന്ത്രാലയത്തിന്റെയും തൃശൂര്‍ എം.എസ്.എം.ഇ ഡെവലപ്‌മെന്റ് – ഫെസിലിറ്റേഷന്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ സംരംഭകത്വ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തും. പുതിയ തലമുറ നൂതന സംരംഭങ്ങളുമായി മുന്നോട്ട് വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ആറുമാസത്തിനകം 60,000 സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. മുന്‍പ് ഒരു വര്‍ഷം ശരാശരി 10,000 സംരംഭങ്ങളായിരുന്നത് നിലവില്‍ ഒരു മാസം പതിനായിരമായി മാറി. മെയ്ഡ് ഇന്‍ കേരള, എം.എസ്.എം.ഇ ക്ലിനിക്കുകള്‍ എന്നിവ സംരംഭകരംഗത്ത് ഏറെ പ്രയോജനം ചെയ്യും. ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടിത്തങ്ങള്‍ വ്യവസായ ഉല്‍പാദന മേഖലയിലേക്കു വഴി തിരിച്ചുവിട്ട് മാനവരാശിക്ക് സഹായകമാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പെറ്റ് ബ്യൂട്ടിപാര്‍ലര്‍ , പെറ്റ് ബോര്‍ഡിംഗ് തുടങ്ങി വിവിധ നൂതന ആശയങ്ങളും മന്ത്രി പങ്കുവച്ചു.

കേരളത്തില്‍ വിജയ സാധ്യതയുള്ള വ്യവസായങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും വിജയകരമായി നടത്തിക്കൊണ്ടുപോകുന്നതിനും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യവസായം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും സെമിനാറില്‍ അവതരിപ്പിച്ചു.

തൃശൂര്‍ ഡവലപ്‌മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ ജി.എസ് പ്രകാശ്, അസിസ്റ്റന്റ് ഡയറക്ടര്‍ ആന്‍ഡ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ യു.സി ലച്ചിതാ മോള്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ്, അല്‍-അമീന്‍ കോളേജ് മാനേജര്‍ ഡോ.ജുനൈദ് റഹ്മാന്‍, പ്രിന്‍സിപ്പല്‍ ഡോ. സിനി കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Latest Articles