Monday, April 29, 2024
spot_img

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ !കേസുകൾ പിൻവലിക്കുന്നത് വേഗത്തിലാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിർദേശം ; നീക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ?

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കുന്നത് വേഗത്തിലാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിർദേശം. ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണു പിൻവലിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ തീരുമാനപ്രകാരം നടപടികൾ വേഗത്തിലാക്കുന്നത് എന്നാണ് വിവരം. 2019 ലാണു പാർലമെന്റ് പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്. ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾക്കെതിരെ 2019 ഡിസംബർ 10 മുതലാണു കേസുകൾ റജിസ്റ്റർ ചെയ്തു തുടങ്ങിയത്. സിഎഎയുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത 7913 പേർക്കെതിരെ 835 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഒരാഴ്ച മുൻപത്തെ കണക്കുകൾ പ്രകാരം 114 കേസുകൾ സർക്കാർ പിൻവലിച്ചു. 241 കേസുകളിൽ ശിക്ഷ വിധിച്ചു. 11 കേസുകളിൽ ഉൾപ്പെട്ടവരെ കുറ്റവിമുക്തരാക്കി. 502 കേസുകൾ വിവിധ ജില്ലകളിലായി വിചാരണ ഘട്ടത്തിലാണ്.

ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിനു 2022 ഫെബ്രുവരിയിൽ സർക്കാർ തീരുമാനിച്ചിരുന്നു. പിൻവലിക്കാമെന്നു സർക്കാർ തീരുമാനിച്ച എല്ലാ കേസുകളിലും അപേക്ഷ കോടതിയിൽ സമർപ്പിച്ചു എന്ന് ഉറപ്പാക്കണം. പിൻവലിക്കുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള കേസുകൾ പരിശോധിച്ചു ജാമ്യം ലഭിക്കാൻ അർഹതയുള്ള കേസുകളിലും വേഗത്തിൽ നടപടി സ്വീകരിക്കണം.
സർക്കാർ കേസുകൾ പിൻവലിക്കാൻ അനുകൂല റിപ്പോർട്ട് പ്രോസിക്യൂട്ടർ വഴി ഹാജരാക്കുമ്പോൾ കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

Related Articles

Latest Articles