Thursday, May 16, 2024
spot_img

അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകുന്നില്ല !പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസ് തലത്തിൽ ഇടപെടലുണ്ടായിട്ടും ഡോ. കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകാത്ത സാഹചര്യത്തിലാണ് അതിജീവിത വീണ്ടും സമരമാരംഭിച്ചത്. അതേസമയം കോടതിയിലുള്ള കേസ് ആയതിനാൽ റിപ്പോർട്ട് നൽകാനാവില്ലെന്ന് ഐജി കെ. സേതുരാമൻ പറഞ്ഞു

മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് ഈ മാസം 23 ന് അതിജീവിത നടുറോഡിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. തുടർന്ന് ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരമേഖല ഐജിയ്ക്ക് നിർദേശം നൽകിയതിന് പിന്നാലെ അതിജീവിത ആദ്യ ഘട്ട സമരം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ തുടർന്നും കെ വി പ്രീതിയ്ക്കെതിരായ പരാതിയിലുളള അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകുന്നതിൽ കാലതാമസമുണ്ടാകുന്നുവെന്നതിലാണ് വീണ്ടും സമരത്തിലേക്കെത്തിയത്.

വിചാരണ നടക്കുന്ന കേസിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് നൽകുന്നതിൽ സാങ്കേതിക തടസങ്ങളുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. ഇക്കാര്യത്തിൽ കൂടുതൽ നിയമോപദേശം തേടേണ്ടതുണ്ടെന്നും ഉത്തരമേഖല ഐജി കെ സേതുരാമൻ പറഞ്ഞു. ഐജിയെ ചില മെഡിക്കൽ കോളേജ് എസിപി അടക്കമുള്ള കീഴ്ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച അതിജീവിത സമരം തുടരുമെന്നും അറിയിച്ചു.

മാര്‍ച്ച് 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നില്ല. നീതി വൈകിപ്പിക്കുകയാണെന്ന് പറഞ്ഞ് പിന്നീട് അതിജീവിത കോടതിയെ സമീപിച്ചു. ചികിത്സയില്‍ തുടര്‍ന്നിരുന്ന അതിജീവിതയെ ചീഫ് നഴ്സിങ് ഓഫീസര്‍, നഴ്സിങ് സൂപ്രണ്ട്, സീനിയര്‍ നഴ്സിങ് ഓഫീസര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മൊഴി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ടായിരുന്നു.

അതിജീവിതയുടെ ആരോപണങ്ങള്‍ തള്ളി ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പീഡനം നടന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനയുടെ ആവശ്യമില്ലെന്നുമാണ് കെ വി പ്രീതയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പിന്നീട് കൃത്രിമമാണെന്ന് കണ്ടെത്തി. ശേഷം ഡോക്ടര്‍ കെ വി പ്രീതക്കെതിരെയും അന്വേഷണം നടന്നു. ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ കോപ്പി തേടിയാണ് അതിജീവിത വിവരാവകാശ കമ്മീഷനെ സമീപിച്ചത്. എന്നാൽ നടപടിയുണ്ടായില്ല ഇതോടെയാണ് അതിജീവിത കഴിഞ്ഞ 18 ന് കമ്മീഷണർ ഓഫീസിന് മുന്നിൽ സമരമാരംഭിച്ചത്.

Related Articles

Latest Articles