Tuesday, November 3, 2026

സിജെപി പ്രതിഷേധത്തിലെ പ്രകോപനപരമായ വീഡിയോകൾ! യൂട്യൂബർമാരും ഇൻഫ്ലുവൻസർമാരും ദില്ലി പോലീസിന്റെ നിരീക്ഷണത്തിൽ

ദില്ലി : കേന്ദ്രസർക്കാരിനെതിരെ തലസ്ഥാനത്ത് നടന്ന സിജെപി പ്രതിഷേധത്തിനിടയിൽ വിദ്വേഷവും പ്രകോപനവും വളർത്തുന്ന തരത്തിൽ പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ച യൂട്യൂബർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കുമെതിരെ ദില്ലി പൊലീസ് നിരീക്ഷണം ശക്തമാക്കി. വൻതോതിൽ പ്രചരിക്കപ്പെട്ട ഇത്തരം ഡിജിറ്റൽ ഉള്ളടക്കങ്ങൾ പ്രക്ഷോഭകാരികളെ അക്രമത്തിലേക്ക് പ്രേരിപ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തിലാണ് പൊലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി 180-ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞ് ദില്ലി പൊലീസിന്റെ സൈബർ വിംഗ് ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു വരികയാണ്.

അതേസമയം, ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ തനിക്കെതിരെയും അന്തരിച്ച തന്റെ അമ്മയ്ക്കെതിരെയും സംസ്കാരശൂന്യമായ ഭാഷയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ യുവാക്കളോട് താൻ പൂർണ്ണമായും ക്ഷമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ആദ്യമായി ഈ വിഷയത്തിൽ മനസ് തുറന്നത്. ജന്തർ മന്തറിൽ നടന്ന സംഭവങ്ങൾ രാജ്യം മുഴുവൻ കണ്ടതാണെന്നും ഒരു സംസ്കാരസമ്പന്നമായ സമൂഹത്തിലും സ്ഥാനമില്ലാത്ത പദപ്രയോഗങ്ങളാണ് ചില യുവാക്കൾ ഉപയോഗിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറിയ പ്രായത്തിൽ തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും അത് തിരുത്താനുള്ള അവസരം അവർക്ക് മുന്നിലുണ്ടെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ 25കാരിയായ നോയിഡ സ്വദേശിനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും, ഇത്തരം തെറ്റുകൾക്ക് കോപമോ പ്രതികാരമോ അല്ല മറുപടിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കോടതി കയറ്റിയോ വേട്ടയാടിയോ അല്ല, മറിച്ച് യുവാക്കളെ ചേർത്തുപിടിച്ച് ശരിയായ ദിശാബോധം നൽകുകയാണ് മുതിർന്നവരുടെ ഉത്തരവാദിത്തം. അധിക്ഷേപം നടത്തിയവരോട് ക്ഷമിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും സമൂഹവും ഈ സമീപനം ഉൾക്കൊള്ളണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. രാജ്യത്തെ യുവാക്കളുടെ ഭാവിക്കു വേണ്ടിയാണ് താൻ ജീവിക്കുന്നതെന്നും രാഷ്ട്രത്തെ മുന്നോട്ട് നയിക്കാൻ യുവാക്കൾ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles