Thursday, May 16, 2024
spot_img

പി.എസ്‌.സി പരീക്ഷാ തട്ടിപ്പ്: ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പി.എസ്‌.സി പരീക്ഷാ തട്ടിപ്പില്‍ ഉദ്യോഗസ്ഥരുടെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. പരീക്ഷാച്ചുമതല വഹിച്ച ഉദ്യോഗസ്ഥരുടെയും പരിശോധകരുടെയും പട്ടിക തയാറാക്കി ഇവരെ ചോദ്യം ചെയ്യാനാണു ക്രൈംബ്രാഞ്ചിന്റെ പദ്ധതി. ചോദ്യം ചോര്‍ന്നതില്‍ ഇവരുടെ പങ്ക് അന്വേഷിക്കും. നേരത്തേ അന്വേഷണസംഘം ഇന്‍വിജിലേറ്റര്‍മാരുടെ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പിഎസ്‌സി റാങ്ക് പട്ടികകളും ക്രൈംബ്രാഞ്ച് പരിശോധിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പിഎസ്‌സി റാങ്ക് പട്ടികകളാണു പരിശോധിക്കുന്നത്. പരീക്ഷാ തട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി.

സംശയാസ്പദമായ രീതിയില്‍ ആരെങ്കിലും റാങ്ക് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടോ, പ്രതികളുമായി ബന്ധമുള്ള ആരെങ്കിലും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കും. കായികക്ഷമതാ പരീക്ഷകളിലെ നടപടിക്രമങ്ങളും വിശദമായി പരിശോധിക്കും. പിഎസ്സി നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പു നടത്തിയതിനു യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതികളാക്കി കഴിഞ്ഞ എട്ടിനാണു ക്രൈംബ്രാഞ്ച് കേസെടുത്തത്. പരീക്ഷ തുടങ്ങിയശേഷം യൂണിവേഴ്‌സിറ്റി കോളജില്‍നിന്നു ചോര്‍ന്നുകിട്ടിയ ഉത്തരക്കടലാസ് ഉപയോഗിച്ചു ഗോകുലും സഫീറും ചേര്‍ന്ന് ഉത്തരങ്ങള്‍ മറ്റു മൂന്നു പേര്‍ക്കും എസ്.എം.എസ് വഴി നല്‍കുകയായിരുന്നു.

കേസിലെ അഞ്ചാം പ്രതിയും എസ്എപി ക്യാന്പിലെ പോലീസ് ഉദ്യോഗസ്ഥനുമായ ഗോകുല്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. സംഭവത്തിനു പിന്നാലെ ഗോകുലിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. കീഴടങ്ങിയതോടെ ഗോകുലിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനു ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. കേസുമായി ബന്ധപ്പെട്ട പ്രതികളെല്ലാം 10 ദിവസത്തിനുള്ളില്‍ ഹാജരാകണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Related Articles

Latest Articles