Tuesday, November 3, 2026

ജനവികാരം വിഡിയ്‌ക്കൊപ്പം! കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ച് ഹൈക്കമാൻഡ്

ദില്ലി : പത്തുദിവസം നീണ്ടുനിന്ന നാടകീയമായ അനിശ്ചിതത്വങ്ങൾക്കും അധികാര വടംവലികൾക്കും വിരാമമിട്ടുകൊണ്ട് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് എ.ഐ.സി.സി. ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഹൈക്കമാൻഡ് പ്രതിനിധി ദീപാദാസ് മുൻഷിയാണ് സതീശന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എം.എൽ.എമാരുടെ അംഗബലത്തിൽ കെ.സി. വേണുഗോപാൽ മുന്നിട്ടുനിന്നുവെങ്കിലും സംസ്ഥാനത്തെ പൊതുവികാരവും യു.ഡി.എഫ് ഘടകകക്ഷികളുടെ ഉറച്ച നിലപാടും സതീശന് തുണയായി മാറുകയായിരുന്നു.

തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 102 സീറ്റുകളുടെ ഉജ്ജ്വല വിജയം സമ്മാനിച്ച നായകൻ എന്ന പരിവേഷവും മൂന്ന് മുൻ കെപിസിസി പ്രസിഡന്റുമാരുടെ പിന്തുണയും സതീശന്റെ സ്ഥാനലബ്ധിയിൽ നിർണ്ണായകമായി. മുഖ്യമന്ത്രി പദത്തിനായി കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും ഒരേപോലെ രംഗത്തെത്തിയതോടെ കഴിഞ്ഞ പത്തുദിവസമായി കേരള രാഷ്ട്രീയം കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. നേതാക്കളെ അനുകൂലിച്ച് തെരുവുകളിൽ ഫ്‌ളെക്‌സ് ബോർഡുകളും പ്രതിഷേധങ്ങളും ഉയർന്നത് പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

നിയമസഭാ കക്ഷി യോഗം ഏകകണ്ഠമായി എടുത്ത തീരുമാനപ്രകാരം ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും എം.എൽ.എമാരിൽ നിന്നും ഘടകകക്ഷി നേതാക്കളിൽ നിന്നും നേരിട്ട് അഭിപ്രായം തേടിയിരുന്നു. ഇതിനിടെ നിരീക്ഷകരുടെ കൈവശമുള്ള രേഖകൾ ചോർന്നത് പാർട്ടിക്കുള്ളിൽ വലിയ കലഹത്തിന് കാരണമായെങ്കിലും മുതിർന്ന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നടത്തിയ ചർച്ചകൾക്കൊടുവിലാണ് അന്തിമ തീരുമാനമുണ്ടായത്. ഇന്ന് രാവിലെ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കെ.സി. വേണുഗോപാലുമായി നടത്തിയ ദീർഘമായ ചർച്ചകൾക്ക് ശേഷമാണ് സതീശന്റെ കാര്യത്തിൽ ഹൈക്കമാൻഡ് പച്ചക്കൊടി വീശിയത്.

Related Articles

Latest Articles