ദില്ലി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയിതര കക്ഷി ഭരിക്കുന്ന പഞ്ചാബ് ശക്തമായ ചതുഷ്കോണ മത്സരത്തിലേക്ക്. ഇവിടെ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് പാടുപെടുകയാണ്. കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തി ചണ്ഡിഗഢ് മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആം ആദ്മി പാര്‍ട്ടിയും വര്‍ഷങ്ങള്‍ക്കുശേഷം ഒറ്റക്ക് മത്സരിക്കുന്ന ശിരോമണി അകാലിദളും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ബി.ജെ.പിയും ചേര്‍ന്നുള്ള സഖ്യവുമാണ് പഞ്ചാബ് തെരഞ്ഞെടുപ്പിനെ ചതുഷ്കോണമാക്കി മാറ്റിയത്.
കര്‍ഷക സമരത്തിന് നല്കിയ പിന്തുണയുടെ ബലത്തില്‍ സുഗമമായ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിന് ഭരണത്തിന്റെ അവസാന വര്‍ഷം മുഖ്യമന്ത്രിയെ മാറ്റി തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. 22 ജില്ലകളിലെ 117 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. കര്‍ഷക സമരവും കേന്ദ്ര സര്‍ക്കാറും വലിയ ചര്‍ച്ചയായിരുന്ന പ്രചാരണങ്ങള്‍ പ്രധാനമന്ത്രിയെ വഴിതടഞ്ഞ സംഭവത്തിലേക്ക് മാറിയ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. കാർഷിക നിയമങ്ങൾ പിൻവലിച്ച പുതിയ സാഹചര്യം സംസ്ഥാനത്ത് പ്രവചനാതീതമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.

