ഗുരുഗ്രാം : നൂറ് കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റിലായ പഞ്ചാബ് മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സഞ്ജീവ് അറോറ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ. ശനിയാഴ്ച പുലർച്ചെ മുതൽ അനുബന്ധ സ്ഥാപനങ്ങളുടെയും വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു ഇന്നലെ വൈകുന്നേരത്തോടെ അറോറയുടെ അറസ്റ്റ്. ഇഡി പത്ത് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി ഏഴ് ദിവസത്തെ റിമാൻഡ് അനുവദിച്ചു.
ദില്ലി, ഗുരുഗ്രാം, ചണ്ഡീഗഢ് എന്നിവിടങ്ങളിലായി അഞ്ച് കേന്ദ്രങ്ങളിലാണ് ഇഡി ഒരേസമയം പരിശോധന നടത്തിയത്. നിലവിലില്ലാത്ത കമ്പനികളുടെ പേരിൽ 100 കോടിയിലധികം രൂപയുടെ മൊബൈൽ ഫോൺ പർച്ചേസ് ഇൻവോയിസുകൾ നിർമ്മിച്ച് വ്യാജമായി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) കൈപ്പറ്റിയെന്നാണ് അറോറയ്ക്കെതിരെയുള്ള പ്രധാന ആരോപണം. കൂടാതെ, കയറ്റുമതി ആനുകൂല്യങ്ങളും ജിഎസ്ടി റീഫണ്ടുകളും വഴി വൻതുക തട്ടിയെടുത്തതായും ഇഡി ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. അറോറയുമായി ബന്ധപ്പെട്ട ഹാംപ്ടൺ സ്കൈ റിയൽറ്റി ലിമിറ്റഡ് എന്ന കമ്പനിയും നിലവിൽ ഏജൻസിയുടെ നിരീക്ഷണത്തിലാണ്.

