Saturday, April 27, 2024
spot_img

പഞ്ചാബിന് ഇനി പുതിയ മുഖ്യമന്ത്രി; അമരീന്ദര്‍ സിംഗിന്റെ പിന്‍ഗാമിയായി സുഖ്ജിന്ദര്‍ സിംഗ് രണ്‍ധാവയെ തെരഞ്ഞെടുത്ത് നേതൃയോഗം

ദില്ലി:പഞ്ചാബ് മുഖ്യമന്ത്രിയായി ഇനി സുഖ്ജിന്ദര്‍ സിംഗ് രണ്‍ധാവ. ചണ്ഡിഗഢിൽ നടന്ന നേതൃയോഗം രണ്‍ധാവയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. ഹൈക്കമാന്റും അദ്ദേഹത്തെ പിന്തുണച്ചതായാണ് പുറത്ത് വരുന്ന വിവരം. നിലവില്‍ സഹകരണ-ജയില്‍ വകുപ്പ് മന്ത്രിയാണ് ഗുര്‍ദാസ്പുര്‍ ജില്ലക്കാരനായ സുഖ്ജിന്ദര്‍ സിംഗ് രണ്‍ധാവ.

മൂന്ന് തവണ നിയമസഭയിലേക്ക് സുഖ്ജിന്ദര്‍ സിംഗ് രണ്‍ധാവയെ തിരഞ്ഞെടുക്കുപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ മുന്‍ ഉപാധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം.

അമരീന്ദര്‍ സിംഗുമായി നല്ല അടുപ്പമാണെന്നും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും അത് തങ്ങളുടെ ബന്ധത്തില്‍ പ്രതിഫലിച്ചിട്ടില്ലെന്നും സുഖ്ജിന്ദര്‍ സിംഗ് രണ്‍ധാവ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ആഭ്യന്തര കലഹത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസമാണ് രാജി സമര്‍പ്പിച്ചത്. നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന അംബിക സോണി പഞ്ചാബ് മുഖ്യമന്ത്രിയാകാനുള്ള പാര്‍ട്ടിയുടെ വാഗ്ദാനം നിരസിച്ചിരുന്നു.

മാത്രമല്ല അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയിലെ 50-ല്‍ അധികം എംഎല്‍എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്.

സംസ്ഥാനത്ത തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയായിരുന്നു അമരീന്ദറിന്റെ രാജി. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്‌ജ്യോത് സിംഗ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്. 117 അംഗ നിയമസഭയില്‍ 80 അംഗങ്ങളാണ് ഇപ്പോൾ കോണ്‍ഗ്രസിനുള്ളത്.

Related Articles

Latest Articles