Thursday, May 9, 2024
spot_img

രാജ്‌ഭവന്റെ പരിഗണനയിൽ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; ഒപ്പുവച്ചത് ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പടെയുള്ളവ

തിരുവനന്തപുരം∙ രാജ്‌ഭവന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുളള 5 ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്‌.നേരത്തെ ബില്ലുകൾ ഒപ്പു വയ്ക്കാത്തതുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിൽ നിരന്തരം ഏറ്റുമുട്ടിയിരുന്നു. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകളിൽ ഒപ്പിട്ടത്.

.ഭൂപതിവ് ഭേദഗതി നിയമത്തിന് പുറമെ നെൽവയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്‌കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലും ഗവർണർ ഒപ്പ് വച്ചിട്ടുണ്ട്. ഇതോടെ ഗവർണറുടെ പരിഗണനയിൽ ഉണ്ടായിരുന്ന ബില്ലുകളിൽ എല്ലാം തീർപ്പായി.ഇതിൽ ഭൂപതിവ് നിയമ ഭേദഗതി ബിൽ ഇടുക്കി ജില്ലയിലെ പട്ടയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അവതരിപ്പിച്ചതാണ്.

1960ൽ പട്ടം താണുപിള്ള സർക്കാരിന്റെ കാലത്ത് റവന്യു ഭൂമി പതിച്ചു നൽകുന്നതിനായി കാെണ്ടുവന്നതാണു ഭൂപതിവ് നിയമം. 1964 ൽ ആർ.ശങ്കർ മുഖ്യമന്ത്രിയായപ്പോഴാണ് ഭൂപതിവ് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. ഭൂപതിവ് ചട്ടം നാലിൽ ഭൂവിനിയോഗം കൃഷിക്കും വീട് നിർമ്മാണത്തിനും മാത്രമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതാണ് നിർമ്മാണ നിരോധനത്തിലേക്ക് നയിച്ചത്. പട്ടയഭൂമി കൃഷിയ്‌ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമത്തിലാണ് മാറ്റം വരിക.

Related Articles

Latest Articles