Saturday, May 4, 2024
spot_img

ബന്ദികളാക്കിയ മുഴുവൻ ആളുകളേയും വിട്ടയയ്‌ക്കാൻ ഹമാസ് ഭീകരവാദികൾക്ക് മേൽ ഖത്തർ സമ്മർദ്ദംചെലുത്തണം; ആവശ്യമുന്നയിച്ച് ജോ ബൈഡൻ

സാൻ ഫ്രാൻസിസ്‌കോ: ബന്ദികളെ മുഴുവൻ വിട്ടയയ്‌ക്കാൻ ഹമാസ് ഭീകരവാദികൾക്ക് മേൽ ഖത്തർ സമ്മർദ്ദം ചെലുത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഖത്തർ നേതാവ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെയാണ് ബൈഡൻ ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.

ഏഷ്യാ-പസഫിക് ഉച്ചകോടിക്കായി സാൻ ഫ്രാൻസിസ്‌കോയിൽ എത്തിയപ്പോഴാണ് അമീർ ഷെയ്ഖുമായി ബൈഡൻ സംഭാഷണം നടത്തുന്നത്. ബന്ദികളാക്കിയ എല്ലാവരേയും ഇനിയും വൈകാതെ എത്രയും വേഗം മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തി. ഗാസ മുനമ്പിലേക്ക് ഇന്ധന വിതരണം പുന:രാരംഭിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനവും ബൈഡൻ അറിയിച്ചിട്ടുണ്ട്.

ഗാസയിലേക്ക് അടിയന്തരമായി മാനുഷിക സഹായങ്ങൾ എത്തിക്കേണ്ടതിന്റേയും, മെഡിക്കൽ ആവശ്യങ്ങൾക്കുള്ള ഇന്ധനം എത്തിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയ്‌ക്കിടെ സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഹമാസ് ബന്ദികളാക്കിയവരിൽ 10ഓളം യുഎസ് പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ട്. ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും, ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന കരാറിൽ തനിക്ക് വിശ്വാസമുണ്ടെന്നും ബൈഡൻ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Articles

Latest Articles