Sunday, October 4, 2026

ചോദ്യ പേപ്പർ ചോർച്ച ആരോപണം ! മെയ് 3 ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി; പുതിയ പരീക്ഷ ഉടൻ

ദില്ലി : മെയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. പരീക്ഷാ പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്താനും പൊതുജനവിശ്വാസം നിലനിർത്താനുമാണ് പരീക്ഷ റദ്ദാക്കിയതെന്ന് എൻടിഎ വ്യക്തമാക്കി. സംഭവത്തിൽ കേന്ദ്ര സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ ഏജൻസികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരീക്ഷാ നടപടികൾ സുഗമമല്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് റദ്ദാക്കൽ നടപടിയിലേക്ക് നീങ്ങിയത്.

പരീക്ഷാ നടത്തിപ്പ് നീതിപൂർവ്വവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കാൻ മെയ് എട്ടിന് തന്നെ വിഷയം കേന്ദ്ര ഏജൻസികൾക്ക് വിട്ടിരുന്നതായി എൻടിഎ അറിയിച്ചു. പുതിയ പരീക്ഷയുടെ തീയതിയും പുതിയ അഡ്മിറ്റ് കാർഡ് വിവരങ്ങളും വരും ദിവസങ്ങളിൽ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയതലത്തിലുള്ള ഒരു പരീക്ഷയുടെ വിശ്വാസ്യത സംരക്ഷിക്കാൻ പുതിയ പരീക്ഷയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ഏജൻസിയുടെ വിശദീകരണം. പുനഃപരീക്ഷയ്ക്കായി വിദ്യാർത്ഥികൾ പുതുതായി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും അധികമായി ഫീസ് നൽകേണ്ടതില്ലെന്നും എൻടിഎ അറിയിച്ചു. നിലവിലുള്ള രജിസ്ട്രേഷൻ ഡാറ്റയും പരീക്ഷാ കേന്ദ്രങ്ങളും പുനഃപരീക്ഷയ്ക്കായി ഉപയോഗിക്കും. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകളിൽ വഞ്ചിതരാകരുതെന്നും എൻടിഎയുടെ ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ഏജൻസി അഭ്യർത്ഥിച്ചു.

Related Articles

Latest Articles