Saturday, October 3, 2026

വ്യോമസേനയ്ക്കു കരുത്തുപകരാൻ റഫാൽ എത്തുന്നു ;സോഷ്യൽ മീഡിയയിൽ വൈറലായി ഇന്ത്യൻ റഫാലിന്‍റെ ആദ്യ ചിത്രങ്ങൾ

ഏഷ്യയിലെ വൻ പ്രതിരോധ ശക്തിയായി മാറുകയാണ് ഇന്ത്യ .ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യയാണ്.ഫ്രാൻസിൽ നിന്ന് വാങ്ങുന്ന അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ ഈ മാസം തന്നെ ഇന്ത്യക്ക് കൈമാറും. ഇതോടെ ഏഷ്യയിലെ ഏറ്റവും മികച്ച അത്യാധുനിക പോര്‍വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

ഈ മാസം തന്നെ എത്തുന്ന റഫാൽ പോർവിമാനങ്ങൾ ചൈനയുടെയും പാക്കിസ്ഥാന്റെയും അതിർത്തിയിലെ തർക്കമേഖലകളിൽ വിന്യസിച്ചേക്കുമെന്നാണ് റിപ്പോർട്ട്.മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാവുംവിധം രൂപകൽപന ചെയ്ത 36 റഫാൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്.

ഇന്ത്യൻ പ്രതിരോധ മേഖലയിലെ കുതിപ്പ് അയൽ രാജ്യങ്ങൾക്ക് ഭീഷണിയാണെന്ന് പാക്ക്, ചൈന റിപ്പോർട്ടുകൾ വരെ വന്നു കഴിഞ്ഞു. പാക്കിസ്ഥാൻ നേരിടുന്നതു പോലെ ചൈനയ്ക്കും ഇന്ത്യയിൽ നിന്നു ഭീഷണിയുണ്ട്.ഇന്ത്യ വാങ്ങിയ, വാങ്ങുന്ന ആയുധങ്ങളും പോർവിമാനങ്ങളും വൻ ഭീഷണി തന്നെയാണെന്നാണ് ചൈനീസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടെ ഇന്ത്യക്ക് വേണ്ടി നിർമിച്ച റഫാൽ പോർവിമാനങ്ങളുടെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു.
ഫ്രഞ്ച് ഫോട്ടോഗ്രാഫർ സെഡ്രിക് ഗ്വെർ ആണ് ഇന്ത്യൻ വ്യോമസേനയ്ക്ക് (ഐ‌എ‌എഫ്) വേണ്ടി നിർമിച്ച റഫാൽ യുദ്ധവിമാനത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.മുൻ വ്യോമസേന പൈലറ്റ് സമീർ ജോഷി ട്വിറ്ററിൽ പങ്കിട്ട ഗ്വെർ പകര്‍ത്തിയ ഫോട്ടോകൾ സോഷ്യൽമീഡിയകളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

ഇന്ത്യൻ എയർ ഫോഴ്‌സിന്റെ നിറങ്ങൾ കാണിക്കുന്ന ഗ്രാഫിക്സും റഫാൽ ഫൈറ്റർ ജെറ്റിൽ കാണാം.
സെപ്റ്റംബർ 20ന് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ ആദ്യ റഫാൽ ജെറ്റ് കൈമാറുമെന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന.ചടങ്ങിൽ വ്യോമസേനാ മേധാവി ബി.എസ്. ധനോവയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പങ്കെടുക്കും.

ആവശ്യമായ ഇൻഫ്രാസ്ട്രക്ചറുകൾ തയാറാക്കുകയും പൈലറ്റുമാരെ പരിശീലിപ്പിക്കുകയും ചെയ്യുന്നതുൾപ്പെടെ റഫാൽ യുദ്ധവിമാനങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഇതിനകം തന്നെ വ്യോമസേന പൂർത്തിയാക്കി.ഹരിയാനയിലെ ഇന്ത്യ-പാക്ക് അതിർത്തിയിൽ നിന്ന് 220 കിലോമീറ്റർ അകലെയുള്ള തന്ത്രപരമായി സ്ഥിതിചെയ്യുന്ന അംബാല വ്യോമസേന സ്റ്റേഷനിലാണ് റഫാൽ ജെറ്റുകളുടെ ആദ്യ സ്ക്വാഡ്രൺ വിന്യസിക്കുക.

Related Articles

Latest Articles