ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ നിരീക്ഷണം തുടർന്ന് എൻഐഎ. ഇതിന്റെ ഭാഗമായി കായംകുളത്ത് മുസ്ലീം പള്ളിയിൽ എൻഐഎ പരിശോധന നടത്തി. കായംകുളം മാർക്കറ്റിന് സമീപമുള്ള മുസ്ലീം പള്ളിയിലാണ് ഇന്നലെ രാത്രി പരിശോധന നടത്തിയത്.
സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലും ഇന്നലെ എൻഐഎ റെയ്ഡ് നടത്തിയിരുന്നു.ആലുവയിൽ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് അബ്ദുൾ വഹാബിന്റെ വീട്ടിലായിരുന്നു പരിശോധന. ഏലൂർക്കരയിൽ വാടകയ്‌ക്ക് എടുത്ത വീട്ടിലാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.
അതേസമയം, കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് ) ഓഫിസുകളിൽനിന്ന് അതിഗുരുതരമായ തെളിവുകൾ പിടിച്ചെടുത്തതായി അന്വേഷണ സംഘം പറഞ്ഞു. ബോംബ് നിർമാണ മാനുവൽ ഉൾപ്പെടെയുള്ളവയാണു റെയ്ഡിൽ കണ്ടെടുത്തതെന്നാണ് വിവരം. അതേസമയം, കൊച്ചി എൻഐഎ ആസ്ഥാനത്ത് എത്തിച്ച സംസ്ഥാന നേതാവ് അബ്ദുൾ സത്താറിനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും.
എൻഐഎയും ഇഡിയുമാണു കഴിഞ്ഞ ദിവസങ്ങളിൽ രാജ്യമാകെ പിഎഫ്ഐ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് മുന്നൂറിലേറെ പേരെ അറസ്റ്റ് ചെയ്തു. രാജ്യാന്തര ഭീകര സംഘടനകളുമായടക്കം ബന്ധമുള്ള പിഎഫ്ഐ, രാജ്യത്ത് അസ്ഥിരതയുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്.

