Friday, May 17, 2024
spot_img

ഒഡീഷ ട്രെയിൻ അപകടസ്ഥലത്തിനടുത്തുള്ള ഗ്രാമങ്ങളുടെ വികസനത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് 2 കോടി രൂപ പ്രഖ്യാപിച്ചു; നടപ്പിലാകുക ആശുപത്രികളുടേതടക്കമുള്ള വികസന പ്രവർത്തനങ്ങൾ

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സന്ദർശിച്ചു . കഴിഞ്ഞ രണ്ട് ദശാബ്ദ കാലത്ത് നടന്നതിൽ ഏറ്റവും വലിയ ട്രെയിൻ ദുരന്തം നടന്നത് ബഹനാഗ ബസാർ സ്റ്റേഷനിലാണ്.

ജൂൺ 2 ന് വൈകുന്നേരം 7 20 ന് ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷനിൽ, കോറോമാണ്ടൽ എക്‌സ്‌പ്രസ് ചരക്ക് ട്രെയിനിൽ ഇടിക്കുകയും ഇടിയിൽ പാളം തെറ്റിയ കോറോമാണ്ടൽ എക്‌സ്‌പ്രസിന്റെ ചില കോച്ചുകൾ തൊട്ടടുത്ത ട്രാക്കിലൂടെ പോകുകയായിരുന്ന യശ്വന്ത്പൂർ-ഹൗറ എക്‌സ്‌പ്രസുമായി കൂട്ടിയിടിക്കുകയും ചെയ്തു. ദുരന്തത്തിൽ 288 പേർ മരിക്കുകയും 1,100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

“ബഹനാഗ ബസാർ സംഭവത്തിൽ ബഹനാഗയിലെ ജനങ്ങൾ മുന്നോട്ട് വന്നതും സഹായിച്ചതും റെയിൽവേയുമായും ഭരണകൂടവുമായും അവർ പ്രവർത്തിച്ച രീതിയും ശ്രദ്ധേയമാണ്. ബഹനാഗ ഗ്രാമത്തിലെ ജനങ്ങൾക്ക് നന്ദി പറയാനാണ് ഞാൻ വന്നത്. ബഹനാഗ ബസാറിൽ ഇവിടെ ചെയ്യാൻ കഴിയുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് നാട്ടുകാരുമായി സംവദിച്ചു” – കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബഹനാഗ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയും ഗ്രാമവും സമീപ ഗ്രാമങ്ങളും വികസിപ്പിക്കുന്നതിന് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികളുടെ ആകെ തുകയുടെ പകുതി സൻസദ് ഫണ്ടിൽ നിന്നും ബാക്കി പകുതി ഇന്ത്യൻ റെയിൽവേയുമാണ് വഹിക്കുന്നത് .

“ഏതാണ്ട് ജോലികൾ പൂർത്തിയായി, സിഗ്നലിംഗ് ജോലികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. അടുത്ത നാല് ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കണം… ബഹനാഗ ബസാറിൽ നടക്കുന്ന എല്ലാ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഞാൻ അവലോകനം ചെയ്യുകയും ഇവിടെയുള്ള നാട്ടുകാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. പ്രദേശവാസികൾ എന്ത് അഭ്യർത്ഥന നടത്തിയാലും അത് ഉടൻ തന്നെ ചെയ്യും” സ്റ്റേഷന്റെ കേടുപാടുകളെക്കുറിച്ചും പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ച വൈഷ്ണ പറഞ്ഞു,

Related Articles

Latest Articles