Sunday, September 20, 2026

ഒരു നാട് ഒപ്പം നിന്നു; ഒടുവിൽ അഖിലിനും അൽഫിയക്കും പ്രണയസാഫല്യം

തിരുവനന്തപുരം : കായംകുളം സ്വദേശിനി ആൽഫിയയും കോവളം സ്വദേശി അഖിലും ഒടുവിൽ ജീവിതത്തിൽ ഒന്നിച്ചു. ക്ഷേത്രത്തിനുള്ളിൽ വിവാഹ നിന്ന ആൽഫിയയെ ചടങ്ങിനു തൊട്ടു മുൻപു കായംകുളം പോലീസ് ബലമായി പിടിച്ചു കൊണ്ടുപോയ സംഭവം വലിയ വിവാദമായിരുന്നു.പിന്നാലെ ഇന്നലെ കോടതിയിൽ ഹാജരാക്കിയ ആൽഫിയയെ സ്വന്തം ഇഷ്ടപ്രകാരം അഖിലിനൊപ്പം അയയ്ക്കുകയായിരുന്നു. തുടർന്ന് ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് കോവളത്തെ ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായി.

ഒരു വർഷം മുൻപ് സമൂഹ മാദ്ധ്യമം വഴിയാണ് ഇരുവരും സൗഹൃദത്തിലായത്. സൗഹൃദം പിന്നീട് പ്രണയത്തിലെത്തി. വിവാഹത്തിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെ ക്ഷേത്രത്തിലെത്തിയ പോലീസ് പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയതായി പരാതി ഉയർന്നിരുന്നു.പോലീസ് നടപടി ക്ഷേത്രാചാര മര്യാദകൾ ലംഘിച്ചാണെന്ന് ആരോപിച്ചു ക്ഷേത്ര ഭാരവാഹികൾ കോവളം പോലീസിനു പരാതി നൽകിയിരുന്നു. ബൂട്ടിട്ട് പോലീസ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത് ഭക്തരിലും പ്രതിഷേധമുണ്ടാക്കി. പോലീസ് നടപടിക്കെതിരെ വരന്റെ പിതാവും കോവളം പോലീസിൽ പരാതി നൽകി.

കായംകുളത്തെ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വന്തം ഇഷ്ടപ്രകാരമാണു യുവാവിനൊപ്പം പോയതെന്നും അദ്ദേഹത്തോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. കോടതി അനുമതി നൽകിയതോടെ പെൺകുട്ടി വീണ്ടും കോവളത്തെ അഖിലിന്റെ വീട്ടിലെത്തി. യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇവരെ കോടതിയിൽ ഹാജരാക്കിയതെന്നാണ് പോലീസ് വാദം.

Related Articles

Latest Articles