തിരുവനന്തപുരം: സംസ്ഥാനത്തെ മഴ വീണ്ടും ശക്തമാകുന്നു. ഇതേ തുടർന്ന് 4 ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ജനങ്ങൾ ജാഗ്രതയിലാണ്. ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഇതുവരെയും മഴമുന്നറിയിപ്പ് നൽകാത്തത്. അതേസമയം ഈ മാസം 27 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് പ്രകാരം വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ ഓറഞ്ച് – യെല്ലോ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം അറിയാം
23-08-2022: ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട്
24-08-2022: ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസർകോട്
എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

