Thursday, April 25, 2024
spot_img

തീവ്ര ന്യൂനമര്‍ദ്ദം ദുര്‍ബലമായി; ഇന്നും നാളെയും മഴ തുടരും; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

ഇന്നും നാളെയും വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രന്യുന മര്‍ദ്ദം ഛത്തിസ്ഗഡിനും സമീപത്തുള്ള മധ്യപ്രദേശിനും മുകളില്‍ ശക്തി കുറഞ്ഞ ന്യുന മര്‍ദ്ദമായി ദുര്‍ബലമായി. അടുത്ത 24 മണിക്കൂറില്‍ ന്യുന മര്‍ദ്ദമായി വീണ്ടും ശക്തി കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യുന മര്‍ദ്ദ പാത്തി നിലനിക്കുന്നു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്താലാണ് വ്യാപക മഴ പ്രതീക്ഷിക്കുന്നത്.

നാളെ രാത്രി 11.30 വരെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളതീരത്ത് 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം.

വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

Related Articles

Latest Articles