ഒരു ബസ് കണ്ടക്ടറുടെ മകനായി ജനിച്ച് യാതൊരു വിധത്തിലുള്ള വിദ്യാഭ്യാസമോ, സാങ്കേതിക പരിജ്ഞാനമോ കൂടാതെ അറിയപ്പെടുന്ന ബിസിനസുകൾ ഒന്നും നടത്താതെ കോടികൾ വാരിയെറിഞ്ഞു വിലസിയ രാജ് കുന്ദ്രയുടെ കഥകൾ കേട്ട് മൂക്കത്ത് വിരൽ വെക്കുന്നവർ സമയമുണ്ടെങ്കിൽ ഈ കേരളത്തിൽ നിങ്ങളുടെ തന്നെ ചുറ്റുമൊന്ന് നോക്കണം. ആയിരക്കണക്കിന് രാജ് കുന്ദ്രമാർ നമ്മുടെ ഈ കേരളക്കരയിൽ തന്നെ വിലസുന്നുണ്ട്.
കൊട്ടാര സദൃശ്യമായ ഭവനങ്ങൾ, ആഡംബര വാഹനങ്ങൾ, ലക്ഷങ്ങളുടെ പർച്ചേസുകൾ, വിദേശ യാത്രകൾ… എന്നാൽ ഇവരിൽ ആരുടെയൊക്കെ പശ്ചാത്തലം നിങ്ങൾക്കറിയാം? ഒന്നിരുട്ടി വെളുത്തപ്പോഴേക്കും ഇത്തരത്തിലുള്ള ലൈഫ് സ്റ്റൈലുകളിലേക്ക് ഉയരുന്ന പലരുടെയും ഈ സമ്പത്തിന്റെ ഉറവിടം എന്താണ്? ഇതൊക്കെ ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? അവരിൽ മിക്കവർക്കും പറയാൻ മാത്രമുള്ള കുടുംബ പശ്ചാത്തലമില്ല, വിദ്യാഭ്യാസമില്ല, ലാഭം ഉണ്ടാക്കുന്ന ലെജിറ്റിമേറ്റ് ബിസിനസ്സുകൾ ഇല്ല, ലോട്ടറികളോ റാഫിളുകളോ അടിച്ചതുമല്ല….
എന്നിട്ടും ഇവര്ക്കോക്കെ പറന്നു നടക്കാൻ മെഴ്സീദീസുകൾ, ലംബോര്ഗിനികൾ, ബി എം ഡബ്ള്യൂകൾ.. ഒരുപക്ഷെ മിലാനിൽ പോലും കാണാൻ കഴിയാത്ത തരത്തിലുള്ള ആഡംബരങ്ങളുടെ ധാരാളിത്തങ്ങൾ ഇവിടെ നാട്ടിൻ പുറങ്ങളിൽ വരെ കാണാൻ സാധിക്കും. കൊറോണ വന്നത് കൊണ്ടാണ്, അതല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും ഒരു വൻകിട വസ്ത്രറീട്ടെയിൽ സ്ഥാപനത്തിന്റെ കാഷ് കൗണ്ടറിന് അടുത്ത് ഒരല്പ സമയം ചിലവിട്ടാൽ കാണാനാകും കെട്ടുകണക്കിന് നോട്ടുകെട്ടുകൾ ഓരോരുത്തർ എടുത്ത് വീശി, വലിയ വലിയ ഷോപ്പിംഗ് ബാഗുകളും തൂക്കി ആഡംബര കാറുകളിലേക്ക് കയറുന്നത്. പറയത്തക്ക മാനുഫാക്ച്ചറിങ് ഒന്നും നടക്കുന്നില്ലെങ്കിലും, ഗൃഹനിർമ്മാണത്തിന് ഉപയോഗിക്കുന്ന ലക്ഷ്വറി ബ്രാന്ഡുകളുടെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നാണ് കേരളം.

