Wednesday, May 1, 2024
spot_img

രാജസ്ഥാൻ മുഖ്യമന്ത്രിക്കും മുൻ മുഖ്യമന്ത്രിക്കും കോവിഡ്; ദില്ലിയിൽ പരിശോധിച്ചവരിൽ അഞ്ചിലൊരാൾക്ക് രോഗബാധ സ്ഥിരീകരിക്കുന്നു !

ജയ്പുർ ∙ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും മുൻ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ‘തനിക്ക് ചെറിയ ലക്ഷണങ്ങളോടെ കോവിഡ് സ്ഥിരീകരിച്ചെന്നും ഡോക്ടറുടെ നിർദേശപ്രകാരം കുറച്ചുദിവസം വീട്ടിലിരുന്ന് ജോലി തുടരുമെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഗെലോട്ട് അറിയിച്ചു.

താൻ ഐസൊലേഷനിലാണെന്നും സമ്പർക്കം പുലർത്തിയ എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്നും മുൻകരുതൽ എടുക്കണമെന്നും വസുന്ധര രാജെ ട്വീറ്റ് ചെയ്തു.

അതേസമയം രാജസ്ഥാൻ, ദില്ലി , മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ് . മഹാരാഷ്ട്രയിൽ 711 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതിൽ 218 കേസുകൾ ജനസാന്ദ്രതയേറിയ മുംബൈയിൽ നിന്നാണ് എന്നത് ഗൗരവകരമാണ്. ഇതോടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,792 ആയി ഉയർന്നു . മുംബൈയിൽ മാത്രം 1,162 പേർ കോവിഡ് രോഗികളാണ് . കോവിഡ് കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയിൽ 186 ശതമാനം വർധനവാണ് ഉണ്ടായത്.

ദില്ലിയിൽ ഇന്നലെ 293 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 18.53 ശതമാനമായി ഉയർന്നു. പരിശോധിച്ചവരിൽ അഞ്ചിൽ ഒരാൾ പോസിറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നു.

Related Articles

Latest Articles