Tuesday, May 14, 2024
spot_img

നിയമസഭാംഗത്വം റദ്ദാക്കിയ ഉത്തരവിന്റെ സ്റ്റേ നീട്ടില്ല;എ.രാജയുടെ ഹർജി തള്ളി ഹൈക്കോടതി;വീണ്ടും സാങ്കേതികമായി എം.എല്‍.എ. സ്ഥാനം തെറിച്ചു

കൊച്ചി : നിയമസഭാംഗത്വം റദ്ദാക്കിയ ഉത്തരവിന്റെ സ്റ്റേ നീട്ടണമെന്നാവശ്യപ്പെട്ട് ദേവികുളം മണ്ഡലത്തിൽ നിന്ന് വിജയിച്ച എ.രാജ നൽകിയ ഹർജി ഹൈക്കോടതി തള്ളി. നേരത്തെ പത്തുദിവസത്തെ സ്റ്റേയാണ് ഹൈക്കോടതി അനുവദിച്ചിരുന്നത്. സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത് പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം. ഇതോടെ വീണ്ടും സാങ്കേതികമായി രാജ എം.എല്‍.എ. അല്ലാതായി. സുപ്രീംകോടതിയുടെ ഇടപെടല്‍ ഇല്ലെങ്കില്‍ നിയമസഭയില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് കഴിയില്ല.

നിയമസഭാംഗമെന്ന നിലയില്‍ വോട്ടിങ്ങില്‍ പങ്കെടുക്കാനോ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ പാടില്ലെന്ന് ഇടക്കാല സ്റ്റേ നല്‍കിയ ഉത്തരവില്‍തന്നെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ തീരുമാനമാണ് ഇനി നിര്‍ണായകം.

പട്ടികജാതി സംവരണ മണ്ഡലമായ ഇടുക്കി ദേവികുളത്തു മത്സരിക്കാൻ രാജയ്ക്കു യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാലാണ് ഹൈക്കോടതി ജസ്റ്റിസ് പി.സോമരാജൻ അദ്ദേഹത്തെ അയോഗ്യനാക്കിയത്. നാമനിർദേശ പത്രിക നൽകുമ്പോൾ അദ്ദേഹം ക്രിസ്തുമത വിശ്വാസങ്ങൾ പിന്തുടരുകയായിരുന്നവെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയാണു രാജ മത്സരിച്ചതെന്നു ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥിയായിരുന്ന യുഡിഎഫിലെ ഡി.കുമാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ ഇതിനെതിരെ രാജ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ജനന, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം താന്‍ പട്ടികജാതി വിഭാഗത്തിലെ പറയ സമുദായ അംഗമാണെന്നും ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണു ഹൈക്കോടതി തന്നെ അയോഗ്യനാക്കിയതെന്ന് രാജ ഹര്‍ജിയില്‍ ആരോപിക്കുന്നു.

Related Articles

Latest Articles