തിരുവനന്തപുരം: നിയമസഭയിൽ ബഹളം വെക്കാനല്ല, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് അവസരം ചോദിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർ വാർഡിലെ 12ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .നിയമസഭയെ സംഘർഷവേദിയാക്കുന്ന നിലപാടല്ല ബിജെപിയുടേതെന്നും വികസനത്തിനായുള്ള ക്രിയാത്മകമായ ഇടപെടലുകൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ജനാധിപത്യത്തെ ഉത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് എല്ലാ അഞ്ച് കൊല്ലം കൂടുമ്പോഴും തെരഞ്ഞെടുപ്പ് വരും. ജനങ്ങൾക്ക് ലഭിക്കുന്ന സുവർണ അവസരമാണ്. നാടിന്റെയും ഭാവി തലമുറയുടെയും ദിശ നിർണയിക്കാനുള്ള സുപ്രധാന അവസരമാണ് ലഭിച്ചിരിക്കുന്നത്. വികസിത കേരളം എന്ന ഒറ്റ ലക്ഷ്യം മുന്നോട്ടുവച്ചാണ് ബിജെപി വോട്ട് അഭ്യർത്ഥിച്ചത്. നിർണായകമായ ഒരു തെരഞ്ഞെടുപ്പാണ് എന്ന് ജനങ്ങൾക്കും ബോധ്യമുണ്ട്. വലിയൊരു മാറ്റം ജനങ്ങൾ സൃഷ്ടിക്കും എന്ന പൂർണ്ണ ആത്മവിശ്വാസം ഉണ്ട്. ബിജെപി അവസരം ചോദിക്കുന്നത് നിയമസഭയിൽ പോയി ബഹളം വയ്‌ക്കാനോ കമ്പ്യൂട്ടർ തകർക്കാനോ സ്പീക്കറുടെ ടേബിളിൽ പോയി ഭരതനാട്യം കളിക്കാനോ അല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവസരമാണ് ഞങ്ങൾ ചോദിക്കുന്നത്. അതിനുവേണ്ടിയാണ് ഞങ്ങൾ മത്സരിക്കുന്നത്.”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മാറാത്തത് മാറ്റണമെന്നും കേരളം വികസനത്തിന്റെ പാതയിലേക്ക് വളരണമെന്നും ആഗ്രഹിക്കുന്ന എല്ലാവരും പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന് കരുത്തുറ്റ ഒരു കേരളത്തെ കെട്ടിപ്പടുക്കാൻ ഓരോ വോട്ടറും മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

