തിരുവനന്തപുരം: യുവജനങ്ങൾ അരാജകത്വവും വെറുപ്പിന്റെ രാഷ്ട്രീയവും നിരസിച്ച് രാജ്യനിർമാണത്തിൽ സജീവ പങ്കാളികളാകണമെന്ന് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ. സമൂഹമാധ്യമമായ എക്സിൽ (X) പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ജെൻസിയെ അഭിസംബോധന ചെയ്ത് ഈ സന്ദേശം പങ്കുവെച്ചത്.
രാജ്യത്തെ മാറ്റിമറിക്കാനും വ്യക്തിപരമായ കരിയർ കെട്ടിപ്പടുക്കാനും വെറുപ്പും കോപവും ഒരിക്കലും വഴിയൊരുക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിയാത്മകമായ സംവാദങ്ങൾക്കും ആശയവിനിമയത്തിനും പകരം വെറുപ്പും പ്രകോപനവും പ്രോത്സാഹിപ്പിച്ച് യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതായി ആരോപിച്ച രാജീവ് ചന്ദ്രശേഖർ, ഇത് രാജ്യത്തിന്റെ ഭാവിക്ക് ഗുണകരമല്ലെന്നും ചൂണ്ടിക്കാട്ടി.
അരാജകത്വം, സംഘർഷം, അക്രമം എന്നിവയിലേക്ക് നയിക്കുന്ന വഴിയല്ല യുവാക്കൾ തിരഞ്ഞെടുക്കേണ്ടതെന്നും, മറിച്ച് അവരുടെ സ്വപ്നങ്ങളിലെ ഇന്ത്യയെ കെട്ടിപ്പടുക്കാൻ അവസരവും പിന്തുണയും നൽകുന്ന ജനാധിപത്യപരവും വികസനോന്മുഖവുമായ പാതയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
“വ്യവസ്ഥിതിയെ ചോദ്യം ചെയ്യാം, തീർച്ചയായും ചെയ്യണം. വിയോജിപ്പുകൾ തുറന്നു പറയാം.
അതാണ് ജനാധിപത്യം.
പക്ഷേ, വ്യക്തിപരമായ അധിക്ഷേപങ്ങളും വെറുപ്പും രാഷ്ട്രീയ തന്ത്രങ്ങളല്ല. അത് ഭാവിയിലേക്ക് നയിക്കുകയോ രാജ്യത്തെ മുന്നോട്ട് നയിക്കുകയോ ഇല്ല.
ചെറിയ രാഷ്ട്രീയ നേട്ടങ്ങൾക്കായി സംവാദങ്ങൾക്ക് പകരം അധിക്ഷേപവും സ്പർദ്ധയും വെച്ചുപുലർത്താൻ പ്രതിപക്ഷം നമ്മുടെ യുവാക്കളെ പ്രേരിപ്പിക്കുന്നത് ഏറെ ആശങ്കാജനകമാണ്.
നമ്മുടെ യുവാക്കൾ അർഹിക്കുന്നത് അരാജകത്വത്തിന്റെയും അക്രമത്തിന്റെയും വഴികളല്ല; മറിച്ച് തങ്ങളുടെ സ്വപ്നരാഷ്ട്രം പടുത്തുയർത്താനുള്ള അവസരങ്ങളും വ്യക്തമായ പിന്തുണയുമാണ്.
അരാജകത്വം ഉപേക്ഷിക്കൂ.,” എന്ന സന്ദേശത്തോടെയാണ് രാജീവ് ചന്ദ്രശേഖർ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
ജെൻസിയെ പരാമർശിച്ച് നടത്തിയ ഈ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അനുകൂലവും പ്രതികൂലവുമായി നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്.

