Tuesday, October 20, 2026

രാജ്യസഭാ സീറ്റിന് വേണ്ടി കാത്തിരുന്നത് 18 വർഷം; കോൺഗ്രസിനെതിരെ പ്രതിഷേധവുമായി മഹിള കോൺഗ്രസ് സെക്രട്ടറി നഗ്മ

മുംബൈ: രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി നടിയും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മ. കോൺഗ്രസിൽ ചേർന്നപ്പോൾ തനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്ന് നഗ്മ പറയുന്നു. തനിക്കെന്ത് കൊണ്ട് അർഹതയില്ലെന്നും, കാത്തിരിക്കാൻ തുടങ്ങിയിട്ട് 18 വർഷമായെന്നും നഗ്മ തുറന്നടിക്കുന്നു. രാജ്യസഭ സീറ്റ് കിട്ടാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയും പ്രതിഷേധം അറിയിച്ചിരുന്നു.

പത്ത് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ഇന്നലെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പ് 23 നേതാക്കളായ ഗുലാം നബി ആസാദിനും, ആനന്ദ് ശർമ്മക്കും സീറ്റില്ല. എന്നാൽ മറ്റൊരു നേതാവായ മുകുൾ വാസ്നിക്കിന് രാജസ്ഥാനിൽ നിന്ന് സീറ്റ് നൽകിയിട്ടുണ്ട്. പി ചിദംബരം തമിഴ്നാട്ടിൽ നിന്നും, ജയ്റാം രമേശ് കർണ്ണാടകത്തിൽ നിന്നും രാജ്യസഭയിലെത്തും. രൺദീപ് സിംഗ് സുർ ജേവാല, രാജീവ് ശുക്ല തുടങ്ങിയ വിശ്വസ്തർക്കും നേതൃത്വം സീറ്റ് നൽകിയിട്ടുണ്ട്. അജയ് മാക്കൻ, രൺജീത് രഞ്ജൻ, വിവേക് തൻഖാ, ഇമ്രാൻ പ്രതാപ്ഗഡി എന്നിവർക്കും സീറ്റ് നൽകിയിട്ടുണ്ട്.

2004-ലാണ് കോൺഗ്രസിൽ ചേർന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വിശദാശങ്ങൾ കോൺഗ്രസ് വക്താവ് ട്വിറ്ററിൽ പങ്കുവെച്ചതിന പിന്നാലെയായിരുന്നു നഗ്മയുടെ പ്രതികരണം.
”’2003-04 വർഷത്തിൽ ഞാൻ കോൺഗ്രസിൽ ചേർന്നപ്പോൾ എനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്. അധികാരത്തിലില്ലാത്ത വർഷങ്ങളുൾപ്പടെ, ഇപ്പോൾ 18 വർഷമായി. എനിക്കെന്തുകൊണ്ട് രാജ്യസഭാ സീറ്റിന് അവകാശമില്ല?” എന്നാണ് നഗ്മ ട്വീറ്റിൽ ചോദിക്കുന്നത്

അതേസമയം രാജ്യസഭാ സ്ഥാനാർത്ഥികളെ നിർണയിച്ചതിൽ കടുത്ത പ്രതിഷേധമാണ് രാജസ്ഥാൻ ഘടകവും രേഖപ്പെടുത്തുന്നത്. പുറത്തുനിന്ന് നേതാക്കളെ പരിഗണിച്ചത് പുനപരിശോധിക്കണമെന്നും നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നും രാജസ്ഥാൻ ഘടകം അഭിപ്രായപ്പെട്ടു.
ജൂൺ 10നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ പിന്നാക്കവിഭാഗങ്ങളെ തഴഞ്ഞതിലും, സംസ്ഥാനനേതാക്കളെ പരിഗണിക്കാതിരുന്നതിൽ രാജസ്ഥാൻ ഘടകത്തിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പുറത്ത് നിന്നുള്ള നേതാക്കളെ പരിഗണിച്ചതിൽ അതൃപ്തി രാജസ്ഥാൻ ഘടകം നേരിട്ടറിയിച്ചു കഴിഞ്ഞു. തീരുമാനം പുനഃപരിശോധിക്കണമെന്ന് തന്നെയാണ് ഇവരുടെ ആവശ്യം. സംസ്ഥാന നേതാക്കളെ പരിഗണിച്ചില്ലെങ്കിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, സ്ഥാനാർത്ഥി പട്ടികയിൽ എത്ര പിന്നാക്കക്കാരുണ്ടെന്ന ചോദ്യവുമായി ഗുജറാത്തിന്‍റെ ചുമതലയുള്ള ജിതേന്ദ്ര ഭാഗേൽ രംഗത്തെത്തിയതും ശ്രദ്ധേയമായി. ഇതിനെല്ലാമിടയിൽ രാജ്യസഭാ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധമറിയിച്ചുള്ള തന്‍റെ നിലപാട് പവൻ ഖേര തിരുത്തി. പാർട്ടി തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് പവൻ ഖേര പറയുന്നു. അക്കാര്യത്തിൽ തർക്കമില്ലെന്നും പവൻ ഖേര ഇപ്പോൾ വ്യക്തമാക്കുന്നു.

 

 

Related Articles

Latest Articles