ഉജ്ജൈൻ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ ശ്രീ മഹാകാൽ ലോക് ഇടനാഴിയുടെ ഉദ്ഘാടനം നിർവ്വഹിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നുണ്ട്. കാശി വിശ്വനാഥ ക്ഷേത്രം നമ്മുടെ സംസ്കാരത്തെ അഭിമാനപൂരിതമാക്കുന്നു. സോമനാഥിലും കേദാർനാഥിലും ബദരിനാഥിലും വികസനം റെക്കോർഡ് വേഗത്തിലാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നമ്മൾ തീർത്ഥാടന കേന്ദ്രങ്ങളുടെ മഹത്വം കാത്ത് സൂക്ഷിക്കുന്നത് തുടരുകയാണ്. ഉജ്ജയിൻ നമ്മുടെ ആത്മീയ സംസ്കാരത്തിന്റെ കേന്ദ്രമാണ്. ഭഗവാൻ പരമശിവന്റെ സാന്നിദ്ധ്യം അവിസ്മരണീയവും വിസ്മയകരവുമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മഹാകാലേശ്വറിന്റെ മഹത്വം അതുല്യമാണ്. രാജ്യത്തിന്റെ ആഗോള സാംസ്കാരിക മഹത്വം വർദ്ധിക്കാൻ മഹാകാൽ ലോക് ഇടനാഴി കാരണമാകും. ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയുടെ അഭിവൃദ്ധിക്കും വൈജ്ഞാനിക പാരമ്പര്യത്തിനും മഹനീയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ദേശമാണ് ഉജ്ജയിനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർക്കുകയും ചെയ്തു.

