പത്തനംതിട്ട: കടവന്തറയിൽ കാണാതായ പദ്‌മയുടെ അവസാന ടവർ ലൊക്കേഷൻ ആറന്മുള സ്റ്റേഷൻപരിധിയിലാണെന്ന സന്ദേശത്തെ തുടർന്നാണ് ആറന്മുള എസ്.െഎ. സന്തോഷ് കുമാറും ഡ്രൈവർ ശ്രീരാഗും അന്വേഷണം നടത്തിയത്. ടവർ ലൊക്കേഷൻ പിന്തുടർന്ന് ഇലന്തൂരിലെ ആഞ്ഞിലിക്കുന്നിൽ വീട്ടിലെത്തി. ഒക്ടോബർ ഒമ്പതിന് രാത്രി 10.30-നായിരുന്നു ഇത്. പദ്മ എന്ന സ്ത്രീയെ കാണാതായെന്നും ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അവസാനമായി ഇവിടെയാണ് കാണിച്ചതെന്നും ഭഗവൽസിങ്ങിനോടും ലൈലയോടും എസ്.ഐ. പറഞ്ഞു. വാട്സാപ്പിലുള്ള പദ്മയുടെ ചിത്രം കാണിച്ചിട്ട് ഇവരെ അറിയാമോയെന്ന് ചോദിച്ചു. കണ്ടിട്ടില്ലെന്ന് ഭഗവൽസിങ് പറഞ്ഞൊഴിഞ്ഞു പക്ഷെ ഭാര്യ ലൈല പരിഭ്രാന്തയായത് എസ്.ഐ. ശ്രദ്ധിച്ചു. സംശയം ഇരട്ടിച്ചു. തിരുമ്മുചികിത്സയുമായി ബന്ധപ്പെട്ട രേഖകളുമായി അടുത്തദിവസം ആറന്മുള സ്റ്റേഷനിലെത്തണമെന്നുപറഞ്ഞാണ് മടങ്ങിയത്. പിന്നീട് ഷാഫിയെ കൊച്ചിയിൽനിന്ന് പിടികൂടിയപ്പോഴാണ് നരബലിയുടെ ചുരുളഴിയുന്നത്.
പത്മയുടെ സഹോദരി പളനിയമ്മ ഇക്കഴിഞ്ഞ 27-നായിരുന്നു കടവന്ത്ര പോലീസ് സ്റ്റേഷനിൽ പദ്‌മയെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് കേരളത്തെ ഞെട്ടിച്ച രണ്ട് കൊലപാതകങ്ങൾ പുറംലോകമറിഞ്ഞത്. കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആദ്യം പരിശോധിച്ചത് പത്മയുടെ ഫോണിലേക്കുവന്ന കോളുകളെക്കുറിച്ചായിരുന്നു. ഇതിൽനിന്നാണ് ഷാഫിയിലേക്ക് അന്വേഷണമെത്തുന്നത്. ഷാഫി ഇവരെ തുടരെ വിളിച്ചിരുന്നു. തുടർന്ന് ഷാഫിയെ കണ്ടെത്തി ചോദ്യംചെയ്തശേഷം വിട്ടയച്ചെങ്കിലും അന്വേഷണം ഷാഫിയെ ചുറ്റിപ്പറ്റിത്തന്നെയായിരുന്നു. ഷാഫിയാണ് പണത്തിനും ഐശ്വര്യത്തിനും വേണ്ടി ആഭിചാരക്രിയയും നരബലിയും നടത്തണമെന്ന് സിപിഎം പ്രവർത്തകനായ ഭഗവൽസിംഗിനെ ഉപദേശിച്ചത്. ഇത്തരം ആഭിചാര ക്രിയകളിലൂടെ പണം സമ്പാദിക്കുകയായിരുന്നു ഷാഫിയുടെ ഉദ്ദേശ്യം അതേസമയം വീട്ടിൽ സമ്പത്തും ഐശ്വര്യവും ഉണ്ടാവുകയായിരുന്നു ഭഗവൽ സിങ്ങിന്റെ ഉദ്ദേശ്യം.ഒരു പൂജകൂടി വേണ്ടി വരുമെന്നും ശാപത്തിന്റെ ശക്തി നിറഞ്ഞു നിൽക്കുകയാണെന്നും ഷാഫി പറഞ്ഞത് പുറമെ പുരോഗമനവാദിയായ ഭഗവൽസിങ് വിശ്വസിച്ചു. പ്രതി കൂടുതൽ കൊലപാതകങ്ങൾ ഇത്തരത്തിൽ നടത്തിയിട്ടുണ്ടോ എന്നും പ്രതികളെ മറ്റാരെങ്കിലും സഹായിച്ചോയെന്നും പരിശോധിക്കുന്നുണ്ട്. റോസ്‍ലിയെ കാണാതായിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാതെ വന്നതോടെയാണ് മുഹമ്മദ് ഷാഫി അടുത്ത ഇരയെ തേടിയത്.
പത്മ ലോട്ടറി വിൽപ്പനയ്ക്കിറങ്ങുന്ന നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ തെളിവുകൾ ലഭിച്ചത്. ഇവിടെനിന്നാണ് ഷാഫിയുടെ വെള്ളനിറത്തിലുള്ള വാൻ പോലീസിന്റെ കണ്ണിൽപ്പെടുന്നത്. ഈ വാനിൽ ഷാഫിക്കൊപ്പം പത്മ കയറുന്ന ദൃശ്യങ്ങൾ കിട്ടി. തുടർന്ന് ഷാഫിയുടെ ഫോൺ നിരീക്ഷിച്ചപ്പോൾ പത്തനംതിട്ടയിലെ ഭഗവൽ സിങ്ങുമായി സംസാരിച്ചതിന്റെ വിവരവും കിട്ടി. അങ്ങിനെയാണ് കേരളത്തെ ഞെട്ടിച്ച നരബലിയുടെ രഹസ്യങ്ങളുടെ ചുരുളഴിഞ്ഞത്.

