Monday, April 29, 2024
spot_img

ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയര്‍പെഴ്സനായി നിയമിക്കാനുള്ള മന്ത്രിസഭാ ശുപാര്‍ശ തള്ളണം; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയര്‍പെഴ്സനായി നിയമിക്കാനുള്ള മന്ത്രിസഭാ ശുപാര്‍ശ തള്ളണമെന്ന് ഗവര്‍ണറോട് രമേശ് ചെന്നിത്തല. മനുഷ്യാവകാശ സങ്കല്പങ്ങള്‍ക്ക് വിപരീതമായ തരത്തിലുള്ള വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ള ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശകമീഷന്‍ ചെയര്‍പെഴ്സനായി നിയമിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ശുപാര്‍ശ തള്ളുന്നത് ഗവര്‍ണറുടെ അധികാരപരിധിയിലുള്ള കാര്യമാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

ഇന്നലെയാണ് മണികുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാൻ സർക്കാർ ഗവർണർക്ക് ശുപാർശ നൽകിയത്. മൂന്നംഗ സമിതിയില്‍ രണ്ട് പേരുടെ ഭൂരിപക്ഷത്തോടെയാണ് നിയമനം. ഏപ്രിൽ 24നാണ് എസ് മണികുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ചത്. ജസ്റ്റിസ് മണികുമാറിനെതിരെ നേരത്തെ കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. ചീഫ് ജസ്റ്റിസായിരിക്കെ സര്‍ക്കാരിന് അനുകൂല നിലപാടാണ് ജസ്റ്റിസ് മണികുമാര്‍ സ്വീകരിച്ചിരുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. വിരമിച്ചപ്പോള്‍ ജസ്റ്റിസ് മണികുമാറിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്വകാര്യ ഹോട്ടലില്‍ യാത്രയയപ്പ് നല്‍കിയതും വിവാദമായിരുന്നു.

Related Articles

Latest Articles