എകെജി സെന്‍റർ ആക്രമണത്തില്‍ തികഞ്ഞ ദുരൂഹതയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖം നഷ്ടപ്പെട്ട സർക്കാർ ശ്രദ്ധ തിരിച്ചു വിടാൻ നടത്തിയ ശ്രമമാണ് ബോംബാക്രമണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവം നടന്നയുടൻ എല്‍ഡിഎഫ് കൺവീനർ പറയുന്നത് കോൺഗ്രസാണെന്നാണ്. നാടകം കളിക്കുകയാണ് എല്‍ഡിഎഫെന്നും അദ്ദേഹം ആരോപിച്ചു.
നാളെ കോൺഗ്രസിന്‍റെ സമരം നടക്കുകയാണ്. ഇന്ന് രാഹുൽ ഗാന്ധി വന്നു. ഇത്തരം സാഹചര്യത്തിൽ കോൺഗ്രസ് ഇങ്ങനെ ചെയ്യുമോ എന്ന് ചോദിച്ച രമേശ് ചെന്നിത്തല, സ്വർണകടത്ത്, സ്പ്രിഗ്ളർ അഴിമതി എന്നിവ മറയ്ക്കാനുളള സര്‍ക്കാര്‍ നടപടിയാണിതെന്ന് വിമര്‍ശിച്ചു. പ്രഥമ ദൃഷ്ട്യാ നോക്കിയാൽ ഇതൊരു നാടകമാണെന്ന് ആരോപിച്ച ചെന്നിത്തല, കെപിസിസി ഓഫീസ് ആക്രമിച്ചത് ആരാണെന്നും ചോദിച്ചു. എപ്പോഴും പൊലീസ് നിരീക്ഷണമുള്ള ഒരു സ്ഥലത്ത് ഇത് നടക്കുമോ എന്ന് ചോദിച്ച അദ്ദേഹം, ഭരിക്കുന്ന പാർട്ടിക്കാണ് അക്രമം തടയാനുള്ള ഉത്തരവാദിത്വമെന്നും കുറ്റപ്പെടുത്തി.

