തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില് കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില് ഉള്പ്പെട്ട ഒരു പ്രതിയെയും രക്ഷപ്പെടാന് അനുവദിക്കില്ലെന്നും പൊലീസ് വളരെ ഗൗരവത്തോടെയാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
21 വയസ്സില് താഴെയുള്ള പ്രതികളെ ബോസ്റ്റല് സ്കൂളിലേക്ക് അയക്കുന്നത് ജയില് നിയമപ്രകാരമാണ്. ഇത് പൊലീസിന്റെ തീരുമാനമല്ല, നിയമത്തിന്റെ അടിസ്ഥാനത്തില് കോടതി കൈക്കൊണ്ട തീരുമാനമാണ്. ഇന്നലെ നടത്തിയ 12 മണിക്കൂര് പ്രത്യേക പരിശോധനയില് മദ്യപിച്ച് വാഹനമോടിച്ച ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തു. ഇനി മുതല് മദ്യപിച്ച് വാഹനമോടിക്കുന്നത് യാതൊരു കാരണവശാലും അനുവദിക്കില്ല. ലൈസന്സ് റദ്ദാക്കുന്നതിന് പുറമെ കര്ശനമായ നിയമനടപടികള് സ്വീകരിക്കും.
സോഷ്യല് മീഡിയയിലൂടെ മതസ്പര്ദ്ധ വളര്ത്തുന്ന രീതിയിലുള്ള പ്രചാരണങ്ങള് നടക്കുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ല. സോഷ്യല് മീഡിയയിലെ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്ക്കെതിരെ (Hate Campaigns) പൊലീസ് പരിശോധന നടത്തുന്നുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

